മുംബൈ : ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാനങ്ങളില്‍ അനുവദിക്കുന്ന ഇനങ്ങളില്‍ കൃത്യമായ നിയന്ത്രണം ഉണ്ട്. മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അടുത്തയിടെ ഒരു റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. 2022 മെയ് മാസത്തില്‍ മാത്രം പരിശോധിച്ച ബാഗുകളില്‍ നിന്ന് 943 കൊപ്ര പിടിച്ചെടുത്തതായാണ് ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയത്.
ചെക്ക്ഡ് ബാഗേജില്‍ സാധാരണയായി കാണപ്പെടുന്ന നിരോധിത ഇനങ്ങളില്‍ കൊപ്ര, നെയ്യ്, അച്ചാറുകള്‍, എണ്ണമയമുള്ള ഭക്ഷണങ്ങള്‍, ഇ-സിഗരറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നുവെന്നാണ് അദ്ദേഹം വിശദീകരിച്ചത്. വിവിധ സിവില്‍ ഏവിയേഷൻ അതോറിറ്റികള്‍ക്കും ചില എയര്‍പോര്‍ട്ടുകള്‍ക്കും എയര്‍ലൈനുകള്‍ക്കും ചില ഇനങ്ങളെ നിയന്ത്രിക്കുന്ന അധിക നയങ്ങളുമുണ്ടെന്ന് അധികൃതര്‍ വിശദീകരിച്ചു
കൊപ്ര: ഇന്ത്യയിലെ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ സെക്യൂരിറ്റി പ്രകാരം 2022 മാര്‍ച്ച് മുതല്‍ ഒരു ലഗേജിലും കൊണ്ട് പോകാൻ അനുവാദമില്ല.ഇ – സിഗരറ്റ്: ചെക്ക്-ഇൻ ചെയ്തതോ കൊണ്ടുപോകുന്നതോ ആയ ലഗേജില്‍ അനുവദനീയമല്ല.
നെയ്യ്: ലിക്വിഡ്, എയറോസോള്‍, ജെല്‍സ് (LAGs) നിയന്ത്രണങ്ങള്‍ കാരണം കൊണ്ടുപോകാവുന്ന ലഗേജില്‍ 100 എംഎല്‍ ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. ചെക്ക്-ഇൻ ബാഗേജില്‍ അഞ്ച് കിലോ വരെ നെയ്യ് അനുവദിക്കുന്നുണ്ട്. എന്നാല്‍ ഓരോ എയര്‍പോര്‍ട്ടിലെയും എയര്‍ലൈനുകളുടെയും നിയന്ത്രണങ്ങള്‍ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.അച്ചാറുകള്‍: ചില്ലി അച്ചാറുകള്‍ ഒഴികെ കൊണ്ടുപോകുന്നതും ചെക്ക് ഇൻ ചെയ്യുന്നതുമായ ലഗേജുകളില്‍ അനുവദനീയമാണ്.
യുഎഇയിലെ നിരോധിത ഇനങ്ങളുടെ പട്ടികയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും പ്രധാനമാണ്. യാത്രക്കാര്‍ പോകുന്ന നഗരത്തിന്‍റെയോ രാജ്യത്തിന്‍റെയോ കസ്റ്റംസ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിശോധിക്കണം. യുഎഇയുടെ ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി റഫറൻസിനായി നിരോധിത ഇനങ്ങളുടെ ഒരു ലിസ്റ്റ് പുറപ്പെടുവിച്ചിട്ടുമുണ്ട്.
