മദ്യപിച്ച്‌ വാഹനത്തിന് മുകളില്‍ കയറി അഭ്യാസം; പോലീസിനുനേരെ കൈയേറ്റം; കൊച്ചിയില്‍ ഏഴ് യുവാക്കള്‍ കസ്റ്റഡിയില്‍

കൊച്ചി: പോലീസിനുനേരെ കൈയേറ്റം നടത്തിയ ഏഴു യുവാക്കളെ കസ്റ്റഡിയിലെടുത്തു.

മദ്യപിച്ച്‌ വാഹനത്തിന് മുകളില്‍ കയറി അഭ്യാസം കാണിച്ചത് ചോദ്യം ചെയ്തതിനാണ് യുവാക്കള്‍ പോലീസിനെ അക്രമിച്ചത്.
സംഭവത്തില്‍ ആലപ്പുഴ സ്വദേശികളായ ഏഴ് പേരെയാണ് പനങ്ങാട് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.
പനങ്ങാട് പോലീസ് സ്റ്റേഷനില്‍ നിന്ന് അല്‍പം മാറി ദേശീയ പാതയിലാണ് യുവാക്കള്‍ മദ്യപിച്ചെത്തി കാറിന് മുകളില്‍ കയറി അഭ്യാസം കാണിച്ചത്.

സംഭവസമയത്ത് ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നു. അവര്‍ യുവാക്കളുടെ ചെയ്തികളെ ചോദ്യം ചെയ്തു. പിന്നാലെയാണ് യുവാക്കള്‍ എസ്.ഐ. ഉള്‍പ്പെടെയുള്ള പോലീസുകാരെ അക്രമിച്ചത്.

തുടര്‍ന്ന് പനങ്ങാട് പോലീസ് സ്റ്റേഷനിലും കണ്‍ട്രോള്‍ റൂമില്‍ നിന്നടക്കമുള്ള പോലീസുകാര്‍ എത്തിയാണ് യുവാക്കളെ കസ്റ്റഡിയില്‍ എടുത്തത്.