ഇന്ത്യൻ ക്രിക്കറ്റിന് നഷ്ടവര്‍ഷം, കിരീടം തിരിച്ചുപിടിച്ച കിങ്; മലയാളത്തിന് അഭിമാനമായി സഞ്ജുവും മിന്നു മണിയും.

 

തിരുവനന്തപുരം : ഐസിസി ടൂര്‍ണമെന്‍റുകളില്‍ ടീം ഇന്ത്യക്ക് കാലിടറിയ ഒരു വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. മലയാളി താരങ്ങളായ സഞ്ജു സാംസണും മിന്നുമണിക്കും കരിയറിലെ വഴിത്തിരവായ വര്‍ഷം കൂടിയാണ് 2023.

ദ്വിരാഷ്ട്ര പരമ്ബരകളിലെ സമഗ്രാധിപത്യം, ഐസിസി ടൂര്‍ണമെന്‍റുകളിലെ പടിക്കല്‍ കലമുടയ്ക്കല്‍, ടീം ഇന്ത്യയുടെ പതിവ് ശീലങ്ങള്‍ക്ക് 2023ലും മാറ്റമുണ്ടായില്ല.

ഈ വര്‍ഷം ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്‍റെ തുടര്‍ച്ചയായ രണ്ടാം ഫൈനലിലും ഇന്ത്യ തോറ്റു. ഓസ്ട്രേലിയക്കെതിരെ 209 റണ്‍സിനായിരുന്നു രോഹിതിന്‍റെയും സംഘത്തിന്റെയും തോല്‍വി. ഏകദിന ലോകകപ്പിലായിരുന്നു ഏറ്റവും വലിയ നിരാശ.അപരാജിതരായി ഫൈനലിലെത്തിയ ഇന്ത്യക്ക് കലാശക്കളിയില്‍ പിഴച്ചു. ഓസ്ട്രേലിയക്കെതിരെ ആറ് വിക്കറ്റിന്റെ തോല്‍വി.