കുടിവെള്ള പദ്ധതികള്‍ അനിശ്ചിതത്വത്തില്‍;  മൂന്ന് പഞ്ചായത്തുകളിലെ മുപ്പതിനായിരത്തിലധികം ജനങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കേണ്ട പദ്ധതി തടഞ്ഞിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന്  ആക്ഷേപം.

 

ഇടുക്കി : മുട്ടം – കരിങ്കുന്നം – കുടയത്തൂര്‍കുടിവെള്ള പദ്ധതികള്‍ അനിശ്ചിതത്വത്തില്‍. പദ്ധതികളുടെ പൈപ്പിടല്‍ ജോലികളാണ് വനം വകുപ്പ് തടഞ്ഞിരിക്കുന്നത്. ശങ്കരപ്പള്ളി വില്ലേജിന് സമീപത്ത് നിന്നും പൈപ്പിടല്‍ ആരംഭിച്ച്‌ നിര്‍ദിഷ്ട വനഭൂമിയിലേക്ക് കടന്നതോടെയാണ് തടസ്സവുമായി വനംവകുപ്പ് എത്തിയത്. എം.വി.ഐ.പി ഭൂമി വനഭൂമിയാക്കി വിജ്ഞാപനം ഇറക്കിയതിന് ശേഷം പരാതികള്‍ കേള്‍ക്കാനും പരിഹരിക്കാനുമായി സെറ്റില്‍മെന്‍റ് ഓഫിസറായി സബ് കലക്ടറെ നിയോഗിച്ചിരുന്നു.

സബ് കലക്ടര്‍ക്ക് ജലവകുപ്പ് നല്‍കിയ അപേക്ഷ പരിഗണിച്ച്‌ അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ വനം വകുപ്പിന്‍റെ അനുമതി ഇല്ലാതെ നിര്‍മാണം നടത്താൻ കഴിയില്ലന്നാണ് കോതമംഗലം ഡി.എഫ്.ഒ പറയുന്നത്. പരിവേഷൻ പോര്‍ട്ടലില്‍ അപേക്ഷ നല്‍കി അനുമതി വാങ്ങണമെന്നും പറയുന്നു. എന്നാല്‍ ഇതിന് കാലതാമസം വേണ്ടിവരും. 100 കോടിയോളം രൂപയാണ് മുട്ടം – കരിങ്കുന്നം സമ്ബൂര്‍ണ്ണ കുടിവെള്ള പദ്ധതിക്കായി വേണ്ടിവരുന്നത്. നബാര്‍ഡിൻ്റേയും ജല്‍ ജീവൻ മിഷന്‍റെയും ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്.

ഇതിലേക്കായി 61 കോടി വീതം ഇരു വിഭാഗങ്ങളില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. കുടിവെള്ള പദ്ധതി ശുചീകരണ ശാലയുടെ നിര്‍മാണം പെരുമറ്റത്ത് പുരോഗമിക്കുകയാണ്. എം.വി.ഐ.പി യില്‍ നിന്നും ഏറ്റെടുത്ത പെരുമറ്റത്തെ 60 സെന്‍റ് സ്ഥലത്താണ് ശുചീകരണ പ്ലാന്‍റ് നിര്‍മിക്കുന്നത്. പ്രതിദിനം 11 ദശലക്ഷം ലിറ്റര്‍ ജലം ശുചീകരിക്കാൻ കഴിയുന്ന പ്ലാന്‍റ് നിര്‍മിക്കാൻ ചിലവാകുന്നത് 11 കോടി 35 ലക്ഷം രൂപയാണ്. നബാര്‍ഡ് ഫണ്ട് ഉപയോഗിച്ചാണ് ട്രീറ്റ് പ്ലാന്‍റ് നിര്‍മിക്കുന്നത്.

ഇതിന്‍റെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും പൈപ്പിടല്‍ ആരംഭിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍. നിലവിലെ കുടിവെള്ള പദ്ധതിക്ക് മൂന്ന് പതിറ്റാണ്ടിലധികം പഴക്കമുണ്ട്. മോട്ടറുകളും വിതരണ പൈപ്പുകളും കാലപ്പഴക്കം മൂലം ദിനേനയെന്നോണം തകരാറിലാകുന്നുണ്ട്.

വേനലാകുന്നതോടെ പൈപ്പുകള്‍ പൊട്ടിയും മോട്ടറുകള്‍ കേടായും ദിവസങ്ങളോളം കുടിവെള്ള വിതരണം തടസ്സപ്പെടാറുണ്ട്. വേനല്‍ കടുക്കുമ്ബോള്‍ മത്തപ്പാറ, കണ്ണാടിപ്പാറ, കരിക്കനാംപാറ, മുഞ്ഞനാട്ട്കുന്ന്, കൊല്ലംകുന്ന് പ്രദേശളില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം ഉണ്ടാകാറുണ്ട്. ഞ്ചായത്തിലേക്കും ജലസേചന വകുപ്പ് ഓഫീസിലേക്കും പ്രതിഷേധങ്ങളും സംഘടിപ്പിക്കാറുണ്ട്.