ഇടുക്കി ചിന്നക്കനാല്‍ വില്ലേജിലെ 364.39 ഹെക്ടര്‍ ഭൂമി റിസര്‍വ് വനമായി പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍ വിജ്ഞാപനം.

 

ഇടുക്കി : ചിന്നക്കനാല്‍ വില്ലേജിലെ 364.39 ഹെക്ടര്‍ ഭൂമി റിസര്‍വ് വനമായി പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍ വിജ്ഞാപനം.ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡിന് 100 വര്‍ഷത്തേക്ക് പാട്ടത്തിനുകൊടുത്ത പ്രദേശങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സിങ്കുകണ്ടം, സിമന്റ് പാലം, വേട്ടവൻതേരി, വേസ്റ്റുകുഴി, 301 കോളനിയിലെ പട്ടയഭൂമി ഒഴിച്ചുള്ള പ്രദേശം എന്നീ വനങ്ങളെല്ലാം റിസര്‍വ് വനത്തില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.

പാട്ടക്കാലാവധി കഴിഞ്ഞശേഷവും അതിനുമുമ്ബും കൈയേറ്റങ്ങള്‍ വ്യാപകമായിരുന്നു. റവന്യൂവകുപ്പിന്റെ കൈവശമിരുന്നാല്‍ ഈ ഭൂമി സംരക്ഷിക്കാൻ കഴിയില്ലെന്ന് നേരത്തെ ആക്ഷേപമുണ്ടായിരുന്നു. അരിക്കൊമ്പന്റെ ആവാസമേഖലയായിരുന്ന ഈ പ്രദേശത്ത് മൊട്ടവാലൻ, ചക്കക്കൊമ്ബൻ തുടങ്ങിയ കാട്ടാനകളുമുണ്ട്.

ആനയിറങ്കല്‍ ഡാമിന് ചുറ്റുമുള്ള ഇവിടെ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡിന് വേണ്ടി യൂക്കാലി മരങ്ങളായിരുന്നു വെച്ചുപിടിപ്പിച്ചിരുന്നത്. പാട്ടക്കാലവധി കഴിഞ്ഞിട്ടും ഇവിടെ യൂക്കാലി മരങ്ങള്‍ നിലവിലുണ്ട്. ഇതിന് പുറമേ പ്രദേശം പുല്‍മേടുകളുമാണ്. റിസര്‍വ് വനമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് സെക്ഷൻ നാല് അനുസരിച്ചുള്ള നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.

നീണ്ട നാളത്തെ വനംവകുപ്പിന്റെ ആവശ്യമാണ് പ്രദേശം റിസര്‍വ് ഭൂമിയായി പ്രഖ്യാപിക്കുക എന്നത്. അനധികൃതമരംമുറി, വ്യാജപട്ടയം ഉപയോഗിച്ചുള്ള കൈയേറ്റം എന്നിവ ഇവിടെ വ്യാപകമാണ്. അതിനാലാണ് പ്രദേശത്തിന്റെ വനസ്വഭാവം പരിഗണിച്ച്‌ റിസര്‍വ് ഭൂമിയാക്കണമെന്ന് വനംവകുപ്പ് ആവശ്യപ്പെട്ടത്.