ഐസിസി ടി20 റാങ്കിംഗ്; ആരാധകരെ നിരാശപ്പെടുത്തി സഞ്ജു 35-ാം സ്ഥാനത്തേക്ക് വീണു; നേട്ടം കൊയ്ത് അഭിഷേക് ശര്‍മ

ഡൽഹി: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ആരാധകരെ നിരാശപ്പെടുത്തിയ മലയാളി താരം സഞ്ജു സാംസണ്‍ ഐസിസി ടി20 റാങ്കിംഗില്‍ അഞ്ച് സ്ഥാനം താഴേക്കിറങ്ങി 35-ാം സ്ഥാനത്തേക്ക് വീണു.

എന്നാല്‍ റാങ്കിംഗില്‍ ഇന്ത്യൻ ഓപ്പണര്‍ അഭിഷേക് ശര്‍മ വന്‍ നേട്ടമുണ്ടാക്കി. 38 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ അഭിഷേക് ശര്‍മ പുതിയ ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

829 റേറ്റിംഗ് പോയന്‍റുമായാണ് അഭിഷേക് രണ്ടാം സ്ഥാനത്തെത്തിയത്. 855 റേറ്റിംഗ് പോയന്‍റുള്ള ട്രാവിസ് ഹെഡ് ആണ് ഒന്നാമത്.

രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യയുടെ തിലക് വര്‍മ ഒരു സ്ഥാനം താഴേക്കിറങ്ങി മൂന്നാം സ്ഥാനത്തേക്ക് വീണപ്പോള്‍ ഇംഗ്ലണ്ടിനെതിരെ നിരാശപ്പെടുത്തിയ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് ഒരു സ്ഥാനമിറങ്ങി അ‍ഞ്ചാം സ്ഥാനത്തായി. ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ മൂന്ന് ഇന്ത്യൻ താരങ്ങളാണുള്ളത്.