മ്ലാവിനെ വേട്ടയാടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍; രണ്ട് പേര്‍ ഒളിവില്‍; തോക്കും ജീപ്പും പിടിച്ചെടുത്തു

തൃശൂ‍ർ: മ്ലാവിനെ വേട്ടയാടിയ കേസില്‍ രണ്ടുപേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

വെറ്റിലപ്പാറ സ്വദേശികളായ അനൂപ്, അഭിജിത്ത് എന്നിവരെയാണ് കൊന്നക്കുഴി സ്റ്റേഷനിലെ വനപാലകർ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് തോക്കും ജീപ്പും പിടിച്ചെടുത്തു.

വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. വെട്ടിക്കുഴി ചൂളക്കടവ് ഭാഗത്ത് നിന്നാണ് ഇവർ മ്ലാവിനെ വേട്ടയാടുകയായിരുന്നു.

സംഭവത്തില്‍ കേസെടുത്ത ഉദ്യോഗസ്ഥർ രണ്ടുപേരെ അറസ്റ്റു ചെയ്തു. ഇവരുടെ കൂടെയുണ്ടായിരുന്ന പുത്തൻചിറ സ്വദേശികളായ രണ്ടുപേർ ഒളിവിലാണെന്നും ഇവർക്കായി തെരച്ചില്‍ നടത്തുന്നതായും സൂചനയുണ്ട്. ഇവരുടെ പക്കല്‍ നിന്ന് മ്ലാവിനെ വെടിവച്ച തോക്കും പ്രതികള്‍ സഞ്ചരിച്ച ജീപ്പും പിടിച്ചെടുത്തതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.