പമ്പയാറ്റിൽ പൂജാ സാധനങ്ങൾക്കൊപ്പം ചാക്കിൽ കെട്ടിയ നിലയിൽ അസ്ഥികൂടം കണ്ടെത്തി

പമ്പയാറ്റില്‍ ചാക്കിൽ കെട്ടിയ നിലയിൽ അസ്ഥികൂടം കണ്ടെത്തി. ചെങ്ങന്നൂര്‍ കല്ലിശേരി ‌റെയിൽവേ പാലത്തിനു താഴെ നിന്നാണ് ചാക്കില്‍ കെട്ടിയ നിലയിൽ മനുഷ്യന്റേതെന്ന് സംശയിക്കുന്ന തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. അസ്ഥിക്കൊപ്പം പൂജാ സാധനങ്ങളുമുണ്ട്. മീന്‍ പിടിക്കാന്‍ എത്തിയവരുടെ ചൂണ്ടയില്‍ ചാക്ക് കുരുങ്ങുകയായിരുന്നു. തുടർന്ന് ഇവർ കരയ്ക്കെ‌ത്തിച്ച് തുറന്ന് നോക്കിയപ്പോഴാണ് ഉള്ളിൽ തലയോട്ടിയും തുണിക്കഷ്ണങ്ങളും കണ്ടത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ ആയിരുന്നു സംഭവം. പിന്നാലെ ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധിച്ചു. കണ്ടെത്തിയ വസ്തുക്കള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്ന് അധികൃതർ വ്യക്തമാക്കി.