അനിൽ അംബാനിയുടെ 3700 കോടിയുടെ മുംബൈ വസതി കണ്ടുകെട്ടി ഇഡി; ബാങ്ക് തട്ടിപ്പ് കേസിലാണ് നടപടി

അനില്‍ അംബാനിയുടെ മുംബൈയിലെ വസതി കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ഉള്‍പ്പെടെയുള്ള കമ്പനികളില്‍ നടന്നതായി ആരോപിക്കുന്ന ബാങ്ക് തട്ടിപ്പ് കേസിലാണ് നടപടി. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ താല്‍ക്കാലിക നടപടിയാണ് ഇഡി സ്വീകരിച്ചിട്ടുള്ളത്. മുംബൈയിലെ പാലി ഹില്‍ പരിസരത്തെ ‘അബോഡ്’ എന്ന വീടുള്‍പ്പെടെയാണ് ഇഡി താത്കാലികമായി കണ്ടുകെട്ടിയിരിക്കുന്നത്. 66 മീറ്റര്‍ ഉയരവും 17 നിലകളുമുള്ളതാണ് ഈ കെട്ടിടം. 3,716 കോടി രൂപയാണ് ഈ കെട്ടിടത്തിന്റെ വിലയായി കണക്കാക്കിയിരിക്കുന്നത്. അനില്‍ അംബാനിക്കും അദ്ദേഹത്തിന്റെ ഗ്രൂപ്പ് കമ്പനികള്‍ക്കുമെതിരെ ഇതുവരെ 15,000 കോടി രൂപയിലധികം മൂല്യമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് നടപടി.

അനില്‍ അംബാനിയുടെ അഭിഭാഷകനായ മുകുള്‍ റോഹ്താഗി രാജ്യം വിടില്ലെന്നും അന്വേഷണത്തിന് തടസമുണ്ടാക്കില്ലെന്നും ഉറപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇഡിയും സിബിഐയും അന്വേഷണം നടത്തുന്നതില്‍ മെല്ലെപ്പോക്ക് നയം സ്വീകരിക്കുകയാണെന്ന് സൂപ്രീംകോടതി നിരീക്ഷിച്ചു. കേസിന്റെ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ കാലാനുസൃതമായി കോടതിയെ അറിയിക്കണമെന്നും കോടതി സിബിഐക്കും ഇഡിക്കും നിര്‍ദ്ദേശം നല്‍കി. ഈ കേസില്‍ കൂടുതല്‍ ശക്തമായ, സുതാര്യമായ അന്വേഷണം വേണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.