ആശുപത്രി ചെലവ് നല്‍കാൻ പണമില്ല ; ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ജീവിത പങ്കാളിയുടെ മൃതദേഹം വിട്ടുകിട്ടാൻ യുവാവ് ഹൈക്കോടതിയില്‍

 

കൊച്ചി : ആശുപത്രി ചെലവ് നല്‍കാൻ പണമില്ല, വീട്ടുകാരും കയ്യൊഴിഞ്ഞു. ആശുപത്രി ചെലവായ 1.30 ലക്ഷം രൂപ കണ്ടെത്താനാകുന്നില്ലെന്ന് കാണിച്ച്‌ കോട്ടയം മുണ്ടക്കയം സ്വദേശിയായ യുവാവാണ് ഹൈക്കോടതിയില്‍ ഹർജി ഫയല്‍ ചെയ്തത്. ഫ്ളാറ്റില്‍നിന്നു വീണുണ്ടായ അപകടത്തില്‍ മരിച്ച ജീവിതപങ്കാളിയുടെ മൃതദേഹം ആശുപത്രിയില്‍ നിന്ന് വിട്ടുകിട്ടുന്നതിനായാണ് യുവാവിന്റെ പോരാട്ടം.

എല്‍.ജി.ബി.ടി.ക്യു.ഐ.എ. കമ്മ്യൂണിറ്റിയില്‍ ഉള്‍പ്പെട്ട യുവാവാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കൂലിപ്പണിക്കാരനായ തനിക്ക് ഇത്രയും പണം കണ്ടെത്താനാവില്ലെന്ന് യുവാവ് പറയുന്നു. ഹർജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാരിന്റെയടക്കം വിശദീകരണം തേടി. ചൊവ്വാഴ്ച വിഷയം വീണ്ടും പരിഗണിക്കും. യുവാവും പങ്കാളിയും ആറു വർഷമായി ലിവ് ഇൻ റിലേഷൻഷിപ്പില്‍ ആയിരുന്നു.

ഫെബ്രുവരി മൂന്നിന് പുലർച്ചെ ഫ്ളാറ്റില്‍നിന്ന് താഴെ വീണുണ്ടായ അപകടത്തില്‍ സാരമായി പരിക്കേറ്റെ ഇദ്ദേഹത്തിന്റെ പങ്കാളി നാലാം തീയതി മരിച്ചെന്നാണ് ഹർജിയില്‍ പറയുന്നത്. അപകടത്തെ തുടർന്ന് ആദ്യം കളമശ്ശേരി മെഡിക്കല്‍ കോളേജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം.

പൊലീസ് വഴി വിവരമറിയിച്ചതനുസരിച്ച്‌ ബന്ധുക്കള്‍ എത്തിയെങ്കിലും ആശുപത്രി ഫീസ് അടച്ചാലെ മൃതദേഹം ഏറ്റെടുക്കൂ എന്നായിരുന്നു അവരുടെ നിലപാട് എന്നും ഹർജിയില്‍ പറയുന്നു. തങ്ങളുടെ ബന്ധത്തെ ബന്ധുക്കള്‍ അനുകൂലിച്ചിരുന്നില്ല.

കൂലിവേലക്കാരനായ തനിക്ക് ഇത്രയും തുക കണ്ടെത്താനാകില്ലെന്നും 30,000 രൂപ അടയ്ക്കാൻ തയ്യാറാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം വിട്ടുനല്‍കണമെന്നുമാണ് ഹർജിയില്‍ ആവശ്യപ്പെടുന്നത്. മൃതദേഹം വിട്ടുനല്‍കാൻ ജില്ലാ കളക്ടറോട് നിർദേശിക്കണം എന്നാണ് ആവശ്യം.