വാകത്താനം: വന്ദേ വിനായകം ഗണേശോത്സവത്തിന്റെ ഭാഗമായുള്ള ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്ര ഞായറാഴ്ച മണികണ്ഠപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രങ്ങളിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം ഞാലിയാകുഴി ടൗണിൽ സംഗമിച്ചു. കോരിച്ചൊരിയുന്ന മഴയിലും നൂറ് കണക്കിന് ഭക്തജനങ്ങളാണ് ഘോഷയാത്രയിൽ പങ്കെടുത്തത്.
വിവിധ ഹൈന്ദവ സംഘടനാ നേതാക്കൾ പങ്കെടുത്ത ഉദ്ഘാടന സഭയിൽ അനിൽ മുള്ളനളയ്ക്കൽ അധ്യക്ഷനായി. ചടങ്ങിൽ സ്വാമി സത്സ്വരൂപാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. ഡോക്ടർ സത്യനാഥൻ, ഡോക്ടർ ഇ എൻ രാമാനുജൻ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് മഹാ ഘോഷയാത്രയായി താനാകുളം തൃക്കോത മംഗലം വഴി പുതുപ്പള്ളി കൊട്ടാരത്തിൽ കടവിൽ രാത്രി 9 മണിയ്ക്ക് വിഗ്രഹ നിമഞജനം നടത്തി.
കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് സ്ത്രീജനങ്ങൾ അടക്കം നൂറുകണക്കിന് ഭക്തജനങ്ങളാണ് ഗണേശ വിഗ്രഹ നിമഞ്ജനത്തിന് സാക്ഷിയായത്. വാകത്താനത്തിന്റെ മണ്ണിൽ ആദ്യമായി നടന്ന ഗണേശോത്സവം ഭക്തർക്ക് പുതിയൊരു അനുഭവമായി .
