നിയമന കോഴ വിവാദം; ആരോപണം ഉന്നയിച്ചവർ ഇപ്പോൾ പറയട്ടെ ; അന്വേഷണത്തിന് ശേഷം കാര്യമായി മറുപടി പറയാനുണ്ടെന്ന് ആരോഗ്യമന്ത്രി.

സ്വന്തം ലേഖകൻ

കൊച്ചി : തന്റെ ഓഫീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന നിയമനക്കോഴ ആരോപണത്തില്‍ ചിലത് തുറന്നു പറയാനുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

ഇപ്പോള്‍ അന്വേഷണം നടക്കട്ടെയെന്നും മന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

ആരോപണം ഉന്നയിച്ചവര്‍ ഇപ്പോള്‍ പറയട്ടെ. ആരോപണത്തില്‍ വിശദമായി പറയാനുണ്ട്. വൈകാതെ എല്ലാം തുറന്ന് പറയും.കോഴ വാങ്ങിയത് തന്റെ ബന്ധു ആണെന്ന് വരെ പറഞ്ഞവര്‍ ഇവിടെയുണ്ട്. വിഷയത്തില്‍ ചിലത് തുറന്ന് പറയാനുണ്ട്. രണ്ടു ദിവസം കാത്തിരിക്കൂവെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിനെതിരെ നടക്കുന്ന പ്രവര്‍ത്തനത്തിന്റെ ഉദാഹരണമാണ് ഇതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

നിയമനത്തട്ടിപ്പ് കേസില്‍ പറഞ്ഞതെല്ലാം നുണയെന്ന് പരാതിക്കാരന്‍ ഹരിദാസന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതി അഖില്‍ സജീവന്റെ പേര് പറഞ്ഞത് ബാസിത് ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിട്ടാണ്. ആരോഗ്യമന്ത്രിയുടെ പിഎക്ക് പണം നല്‍കിയിട്ടില്ല. സെക്രട്ടേറിയറ്റ് പരിസരത്ത് വെച്ച്‌ ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്നും ഹരിദാസന്‍ ഇന്നലെ പോലീസിനോട് പറഞ്ഞിരുന്നു.