സ്വന്തം ലേഖകൻ
അടിമാലി : ചിന്നക്കനാല്‍, ശാന്തൻപാറ പഞ്ചായത്തുകളിലെ ജനവാസ മേഖലകളില്‍ സ്ഥിരം സാനിധ്യമായിരുന്ന അരിക്കൊമ്പൻ വീടുകള്‍ക്കും കടകള്‍ക്കും നേരെ ആക്രമണം നടത്തുന്നത് പതിവായിരുന്നു. ആനയിറങ്കലിലെയും ചിന്നക്കനാലിലെയും റേഷൻ കടകള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടത്തിയിരുന്നെങ്കിലും ഏറ്റവും അധികം ചിന്നക്കനാല്‍ പന്നിയാറിലെ റേഷൻ കടയാണ് പുനര്‍ നിര്‍മിച്ചത്. ആക്രമണം നേരിട്ടത് പന്നിയാര്‍ തോട്ടം മേഖലയിലെ കട ആയിരുന്നു.
അരിക്കൊമ്പനെ നാട് കടത്തിയതിന് തൊട്ട് മുമ്പുള്ള മാസവും പല തവണ ആക്രമണം ഉണ്ടായി. റേഷൻ വിതരണം പോലും മുടങ്ങുന്ന സാഹചര്യം ഉണ്ടായതോടെ പുതിയ കെട്ടിടം നിര്‍മിക്കാൻ മന്ത്രിയുടെയും കലക്ടറുടെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗം നിര്‍ദേശിക്കുകയായിരുന്നു. ഒരു മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കണമെന്നായിരുന്നു നിര്‍ദേശം. എങ്കിലും അരിക്കൊമ്പനെ നാട് കടത്തി ആറു മാസങ്ങള്‍ക്ക് ശേഷമാണ് കട പ്രവര്‍ത്തനസജ്ജമായത്.
ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്‍റ് ലിജു വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പന്നിയാറില്‍ റേഷൻ കടയും സ്കൂളും പ്രവര്‍ത്തിക്കുന്ന മേഖലയില്‍ വനം വകുപ്പ് ഹാങ്ങിങ് സോളാര്‍ ഫെൻസിങ് ഒരുക്കിയിരുന്നു. പുതിയ കെട്ടിടം നിർമിച്ചതോടെ ഇനി റേഷൻ വിതരണം മുടങ്ങില്ല എന്ന ആശ്വാസത്തിലാണ് തോട്ടം തൊഴിലാളികള്‍.
