കൊല്ലം: കാൻസർ രോഗിയാണെന്നും അംഗപരിമിതനാണെന്നും നടിച്ച് വിശ്വാസികളെ വഞ്ചിച്ച് ഭിക്ഷാടനം നടത്തിയ യുവാവിനെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം പേഴുംമൂട് പൂവച്ചല്‍ ബിസ്മില്ലാ ഹൗസില്‍ മുജീബ് ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഇളമ്പള്ളൂർ മുസ്ലിം ജമാഅത്ത് പള്ളിയില്‍ നോമ്പ് നിസ്കാരത്തിനെത്തിയ വിശ്വാസികളില്‍ നിന്നാണ് ഇയാള്‍ ആയിരക്കണക്കിന് രൂപ പിരിച്ചെടുത്തത്.
വായില്‍ നിന്ന് നെഞ്ചത്തേക്ക് ട്യൂബ് ഒട്ടിച്ചും, വൈകല്യമില്ലാത്ത കാലില്‍ പ്ലാസ്റ്റിക് കാല്‍ ഘടിപ്പിച്ചുമായിരുന്നു ഇയാളുടെ നാടകീയ ഭിക്ഷാടനം.
നിസ്കാരം കഴിഞ്ഞ് വിശ്വാസികള്‍ മടങ്ങിയതിന് പിന്നാലെ, കാലിന് യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഇയാള്‍ നടന്നു പോകുന്നത് പള്ളിയിലെ ഉസ്താദിന്റെ ശ്രദ്ധയില്‍പ്പെട്ടു. ട്യൂബ് വായില്‍ നിന്ന് ഇളകിക്കിടക്കുന്നതായും കണ്ടതോടെ സംശയം ശക്തമായി.
തുടർന്ന് പള്ളി ഭാരവാഹികളെയും നേരത്തെ മടങ്ങിയ വിശ്വാസികളെയും വിളിച്ചുവരുത്തി വിവരം പൊലീസിനെ അറിയിച്ചു.
