കോട്ടയം: ദഹനത്തിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ദന്താരോഗ്യത്തിനും അടക്കം വിവിധ ആരോഗ്യ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ് ഗ്രാമ്പൂ.
നേരിട്ട് കഴിക്കാൻ ഇഷ്ടമില്ലെങ്കില്‍, ഗ്രാമ്പൂ ചേർത്ത ചായ തയ്യാറാക്കി കുടിക്കാവുന്നതാണ്. ഗ്രാമ്പൂ ചായ നല്ലൊരു ആന്റി-ഇൻഫ്ലമേറ്ററി ആണ്, ആന്റിഓക്‌സിഡന്റുകള്‍ കൊണ്ട് സമ്പുഷ്ടമാണ്. ഈ ചായ ദഹനത്തെ സഹായിക്കുന്നു, അസിഡിറ്റി കുറയ്ക്കുന്നു.
വായിലെ ബാക്ടീരിയകളെ ചെറുക്കുന്നതിലൂടെ വായുടെ ആരോഗ്യത്തിന് കൂടുതല്‍ സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍, പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. പല്ലുവേദനയുണ്ടെങ്കില്‍ ഗ്രാമ്പൂ ചവയ്ക്കുന്നത് ഗുണം ചെയ്യും. മോണയിലെ വീക്കവും വേദനയും കുറയ്ക്കുന്ന ചില സംയുക്തങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്, അതുവഴി പല്ലുവേദനയില്‍നിന്ന് ആശ്വാസം നല്‍കും.
ഗ്രാമ്പൂ ചായ കുടിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഭക്ഷണം കഴിഞ്ഞ് അര മണിക്കൂർ കഴിഞ്ഞാണ്. ഇത് വയറു വീർക്കുന്നത് കുറയ്ക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. ദിവസത്തില്‍ ഒന്നോ രണ്ടോ തവണ കുടിക്കുന്നത് നല്ലതാണ്.
ഗ്രാമ്പൂ ചായ തയ്യാറാക്കുന്ന വിധം
ഒരു കപ്പ് വെള്ളം തിളപ്പിക്കുക. തിളയ്ക്കുന്ന സമയത്ത് ഗ്രാമ്പൂ ചേർക്കുക. തീ കുറച്ച് 10-15 മിനിറ്റ് തിളപ്പിക്കുക. അതിനുശേഷം ഒരു കപ്പിലേക്ക് ചായ അരിച്ചെടുക്കുക. രുചിക്കായി നാരങ്ങ നീരോ തേനോ ചേർക്കുക.
