ഭക്ഷണത്തിനൊപ്പം ഇനി കാബേജും പരിഗണിക്കാം; പോഷകസമ്പുഷ്ടമായ ഇത് ക്യാൻസറിനെ വരെ പ്രതിരോധിക്കും..

കോട്ടയം: ഇടയ്ക്കെങ്കിലും നമ്മുടെ ഡൈനിങ് ടേബിളില്‍ വിരുന്നെത്തുന്ന ഒരു വിഭവമാണ് കാബേജ്. ഒരു സാധാരണ പച്ചക്കറി, അങ്ങനെയാണ് എല്ലാവരും കരുതുന്നത്.

പലർക്കും ഇതിന്റെ രുചി ഇഷ്ടവും അല്ല. എന്നാല്‍ വളരെ പോഷകസമ്പുഷ്ടമായ കാബേജ് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ പലർക്കും അറിയില്ല. നാരുകള്‍, ഫോളേറ്റ്, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ എ, വിറ്റാമിൻ കെ എന്നിങ്ങനെ നിരവധി പോഷകങ്ങളാണ് കാബേജില്‍ അടങ്ങിയിരിക്കുന്നത്. എന്തിന് ഏറെ പറയുന്നു, ക്യാൻസറിനെ പോലും പ്രതിരോധിക്കാനുള്ള ശേഷി ഇതിണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിശ്വസിക്കാൻ കഴിയുമോ?

കാബേജ് കഴിക്കാൻ ഒരു കാരണമാണ് തേടുന്നതെങ്കില്‍ ഒന്നിലധികം കാരണങ്ങള്‍ ഇതാ..

അല്‍ഷിമേഴ്‌സ് രോഗികള്‍ക്ക് ഗുണകരം

തലച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താനും കാബേജ് സഹായിക്കും. കാബേജില്‍ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ കെ, അയോഡിൻ, ആന്തോസയാനിൻ പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങള്‍ തലച്ചോറിന്റെ നിർമാണ ബ്ലോക്കുകളായി പ്രവർത്തിക്കും. അല്‍ഷിമേഴ്സ് രോഗികളുടെ തലച്ചോറില്‍ കാണപ്പെടുന്ന ചീത്ത പ്രോട്ടീനുകളുടെ അളവ് കുറയ്ക്കാൻ കാബേജ് പോലുള്ള പച്ചക്കറികള്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

രക്തസമ്മർദ്ദം കുറയ്ക്കും

രക്തസമ്മർദ്ദം ആരോഗ്യകരമായ രീതിയില്‍ നിലനിർത്താൻ കാബേജില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം സഹായിക്കുന്നു. കാബേജ് പോലെയുള്ള പൊട്ടാസ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

ക്യാൻസർ പേടി കുറയ്ക്കാം കാബേജിലൂടെ

അതിശയിക്കേണ്ട… കാബേജില്‍ അടങ്ങിയിരിക്കുന്ന സള്‍ഫർ അടങ്ങിയ സള്‍ഫൊറാഫെയ്ൻ ആണ് ക്യാൻസർ പ്രതിരോധത്തിന് സഹായിക്കുന്നത്. ക്യാൻസർ കോശങ്ങളുടെ പുരോഗതിയെ സള്‍ഫോറാഫെയ്ൻ തടയുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ചുവന്ന കാബേജാണ് കൂടുതല്‍ ഫലപ്രദം. ചുവന്ന കാബേജിന് നിറം നല്‍കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളായ ആന്തോസയാനിൻ ക്യാൻസർ കോശങ്ങളുടെ രൂപവത്കരണത്തെ മന്ദീഭവിപ്പിക്കുകയും രൂപപ്പെട്ട ക്യാൻസർ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യും.

വിട്ടുമാറാത്ത വീക്കം കുറയ്ക്കുന്നു

പലതരം ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് കാബേജ്. അവ വിട്ടുമാറാത്ത വീക്കം കുറയ്ക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. സള്‍ഫോറഫേൻ, കെംപ്ഫെറോള്‍, മറ്റ് ആൻ്റി ഓക്സിഡൻറുകള്‍ വീക്കം കുറയ്ക്കാനും വീണ്ടും ഉണ്ടാകുന്നത് തടയാനും സഹായിക്കും.