റീല്‍സ് ചിത്രീകരിച്ചത് അവധിദിനത്തില്‍; ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടിയില്ല; അവധി ദിനത്തിലും ജോലിക്ക് ഹാജരാകുന്നവരെ അഭിനന്ദിച്ച്‌ മന്ത്രി

തിരുവനന്തപുരം : സർക്കാർ ഓഫീസില്‍ റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ ജീവനക്കാർക്കെതിരെ ശിക്ഷാനടപടി ഉണ്ടാകില്ല.

അവധി ദിനമായ ഞായറാഴ്ച അധിക ജോലിക്കിടയില്‍ റീല്‍ ചിത്രീകരിച്ചതിന്റെ പേരില്‍ ജീവനക്കാർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കിയതായി മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.

സംഭവത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ മേധാവിയില്‍ നിന്നും നഗരസഭാ സെക്രട്ടറിയില്‍ നിന്നും വിവരങ്ങള്‍ തേടിയിരുന്നു. കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലാകളക്ടറുടെ നിർദ്ദേശ പ്രകാരമാണ് അവധിദിനത്തിലും ജീവനക്കാർ എത്തിയത്.

ഓഫീസ് പ്രവർത്തനങ്ങളെ ബാധിക്കാതെയാണ് റീല്‍ ചിത്രീകരിച്ചത് എന്നും വ്യക്തമായിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.