കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ മാണി.സി.കാപ്പന്‍ എം.എല്‍.എക്ക് തിരിച്ചടി.
വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മാണി സി കാപ്പനെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്ന് വിചാരണ കോടതി നിരീക്ഷിച്ചിരുന്നു.
മുംബൈ സ്വദേശിയായ വ്യവസായിയാണ് മാണി സി കാപ്പനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി ഉന്നയിച്ചത്. കേസില്‍ തുടര്‍ നടപടികള്‍ തുടങ്ങിയ സാഹചര്യത്തിലായിരുന്നു അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാതെയാണ് വിചാരണ കോടതിയുടെ നടപടി എന്നായിരുന്നു മാണി സി കാപ്പന്റെ ഹര്‍ജി. എന്നാല്‍ പ്രഥമദൃഷ്ട്യ കേസ് നിലനില്‍ക്കും എന്നതിന് കാരണങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 3.25 കോടി തട്ടിയെടുത്തെന്നാരോപിച്ച് മുംബൈ വ്യവസായി ദിനേശ് മേനോന്‍ നല്‍കിയ പരാതിയില്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ ഈ കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കും. ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസുകള്‍ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയിലാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ കുറ്റം ചുമത്തിയ വിചാരണ കോടതിയുടെ നടപടി വസ്തുതകള്‍ പരിഗണിക്കാതെയാണ് എന്നായിരുന്നു മാണി സി.കാപ്പന്റെ വാദം. ഈ വാദത്തില്‍ യാതൊരു കഴമ്പുമില്ല എന്നാണ് പബ്ലിക് പ്രോസിക്യൂട്ടറും ദിനേശ് മേനോനും നിലപാടെടുത്തത്.
