ഷഹബാസ് കൊലക്കേസ്; പ്രധാന പ്രതിയുടെ പിതാവിന് ക്വട്ടേഷൻ, രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന് കണ്ടെത്തൽ; ടി പി വധക്കേസ് പ്രതിക്കൊപ്പമുള്ള ചിത്രം പുറത്ത്

കോഴിക്കോട്: താമരശ്ശേരിയില്‍ സംഘർഷത്തിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തില്‍ നിർണായക വിവരം പുറത്ത്.

പ്രധാന പ്രതിയുടെ പിതാവിന് ക്വട്ടേഷൻ, രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. പ്രധാന പ്രതിയുടെ പിതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി കെ രജീഷിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.

ഇയാള്‍ സ്വർണക്കടത്ത്, ക്വട്ടേഷൻ കേസുകളില്‍ പ്രതിയാണ്. ആക്രമണ സമയം ഇയാള്‍ സ്ഥലത്ത് ഉണ്ടായിരുന്നതായി ഷഹബാസിന്റെ പിതാവ് പറഞ്ഞിരുന്നു. ഷഹബാസിനെ ആക്രമിക്കാൻ ഉപയോഗിച്ച നഞ്ചക്ക് കിട്ടിയത് ഇയാളുടെ വീട്ടില്‍ നിന്നാണ്.

കേസിലെ അഞ്ച് പ്രതികളുടെ വീട്ടിലും ഇന്ന് രാവിലെ താമരശേരി പൊലീസ് റെയ്ഡ് നടത്തിയിരുന്നു. താമരശേരി എസ് എച്ച്‌ ഒ സായൂജിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി പ്രതികളുടെ ലാപ്‌ടോപ്പുകളും ഫോണുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഇവ ഫോറൻസിക് പരിശോധനയ്ക്കും സാങ്കേതിക പരിശോധനയ്ക്കും വിധേയമാക്കിയതിന് ശേഷമായിരിക്കും തുടർന്നുളള അന്വേഷണം.