ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ ചരക്കുനീക്കം ഉറപ്പാക്കണം; ആവശ്യവുമായി ഫ്രാൻസ് രംഗത്ത്

ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ ചരക്കുനീക്കം ഉറപ്പാക്കണമെന്ന ആവശ്യവുമായി ഫ്രാൻസ് രംഗത്ത്. ഹോർമുസിൽ ബഹുരാഷ്ട്ര ദൗത്യം നടത്തും. യുകെയുമായി ചേർന്നായിരിക്കും ബഹുരാഷ്ട്ര ദൗത്യം നടത്തുക. ഉടൻ ഇതുമായി ബന്ധപ്പെട്ട ചർച്ച ആരംഭിക്കുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി. അതേസമയം ഡോണൾഡ്‌ ട്രംപ് പ്രഖ്യാപിച്ച ഹോർമുസ് ഉപരോധം ആരംഭിക്കാനിരിക്കെ ഹോർമുസിലൂടെ ചരക്ക് നീക്കം വേ​ഗത്തിലാക്കി ഇറാൻ. ഇറാന്റെ രണ്ട് എണ്ണ ടാങ്കറുകൾ ​ഗൾഫിൽ നിന്ന് ഹോർമുസ് വഴി പുറത്തുകടന്നു. ന്യൂ ഫ്യൂച്ചർ, ഓറോറ എന്നീ എണ്ണ ടാങ്കറുകളാണ് ഹോർമുസ് കടന്നത്.

അതേസമയം ഇന്ത്യൻ സമയം രാത്രി 7.30നാണ് ട്രംപ് പ്രഖ്യാപിച്ച ഹോർമുസ് ഉപരോധം ആരംഭിക്കുന്നത്. ഹോർമുസിൽ അമേരിക്ക സംയമനം പാലിക്കണമെന്ന് ചൈന വ്യക്തമാക്കി. ഇരുരാജ്യങ്ങളും മേഖലയിൽ സമാധാനം പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ഹോർമുസ് തുറക്കണമെന്നാണ് രാജ്യാന്തര സമൂഹത്തിന്റെ താൽപ്പര്യം. ഊർജ്ജ സുരക്ഷയും വിതരണവും ഉറപ്പാക്കാൻ തയ്യാറാണെന്നും ചൈന വ്യക്തമാക്കി. ഇസ്ലാമാബാദിൽ നടന്ന സമാധാനചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ഇറാൻ തുറമുഖങ്ങൾ ഉപരോധിക്കാൻ അമേരിക്ക നീക്കം തുടങ്ങിയത്. ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം പൂർണമായി നിലച്ചെന്ന് റിപ്പോർട്ടുകൾ. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം നാവികസേനാ കപ്പലുകൾ ഉപയോഗിച്ച് തടയുമെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. ഇറാൻ തുറമുഖങ്ങളിൽ പ്രവേശിക്കുകയും പുറത്തുകടക്കുകയും ചെയ്യുന്ന എല്ലാ സമുദ്രഗതാഗതത്തിനും ഉപരോധം ബാധകമാകും. നാവിക സേനാകപ്പലുകൾ എത്തിയാൽ വെടിനിർത്തൽ ലംഘനമായി കണക്കാക്കുമെന്നും ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നുമാണ് ഇറാന്റെ പ്രതികരണം.