ദുബായ്: ഗാസ വെടിനിർത്തല്‍ ചർച്ചയുടെ മദ്ധ്യസ്ഥതയില്‍ നിന്ന് പിന്മാറിയതായി ഖത്തർ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
ചർച്ചകള്‍ തുടരാൻ ഇരുവിഭാഗവും സന്നദ്ധരാകുമ്പോള്‍ മാത്രം മദ്ധ്യസ്ഥശ്രമം തുടരുമെന്നാണ് വിശദീകരണം. പിന്മാറുന്ന കാര്യം ഇസ്രയേലിനെയും ഹമാസിനെയും അമേരിക്കയെയും ഖത്തർ അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ മജീദ് ബിൻ മുഹമ്മദ് അല്‍ അൻസാരി പറഞ്ഞു.
പലവട്ടം ചർച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഖത്തറിന്റെ കടുത്ത തീരുമാനം. ഇസ്രയേലും ഹമാസും ആത്മാർത്ഥമായല്ല ചർച്ചയില്‍ പങ്കെടുക്കുന്നതെന്ന് ആരോപിച്ചുള്ള ഖത്തറിന്റെ പിന്മാറ്റം സമാധാന നീക്കം കൂടുതല്‍ പ്രതിസന്ധിയിലാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകള്‍.
ആത്മാർത്ഥതയോടെ ചർച്ചയില്‍ പങ്കെടുക്കാൻ ഇരുപക്ഷവും തയാറാകാത്തിടത്തോളം കാലം മദ്ധ്യസ്ഥ ചർച്ചക്ക് അർത്ഥമില്ലെന്നും അതിനാല്‍ തുടരാനാവില്ലെന്നും ഖത്തർ ഇന്നലെ അറിയിച്ചിരുന്നു.
