കോട്ടയം: മുന്നൂറു കോടിയുടെ വിറ്റുവരവുമായി വിപണി പിടിച്ച് കേരളാ ചിക്കന്‍.
കോഴിയിറച്ചിയുടെ വില നിയന്ത്രിക്കുന്നതിനും ഗുണമേന്മയുള്ള കോഴിയിറച്ചി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ‘കേരള ചിക്കന്‍’ വിപണി മികച്ച വരുമാന നേട്ടവുമായി മുന്നേറുന്നു. 411 ബ്രോയ്‌ലര്‍ ഫാമുകളും, 136 ഔട്ട്‌ലെറ്റുകളുമായി കേരളാ ചിക്കന്‍ മുന്നേറുകയാണ്.
ഇതിനോടകം 313 കോടി രൂപയുടെ റെക്കോഡ് വിറ്റുവരവ് എന്ന നേട്ടമാണ് കേരളാ ചിക്കന്‍ സ്വന്തമാക്കിയത്. 29 കോടി രൂപയുടെ നേട്ടം ബ്രോയ്‌ലര്‍ ഫാമുകള്‍ക്ക് നേടാനായി. ഔട്ട് ലെറ്റ് ഗുണഭോക്താക്കള്‍ക്കു 37 കോടി രൂപയുടെ നേട്ടവും ലഭിച്ചു.
സംസ്ഥാന സര്‍ക്കാര്‍ 2017ല്‍ കുടുംബശ്രീവഴി തുടങ്ങിയ ‘കേരള ചിക്കന്‍’ ഘട്ടംഘട്ടമായാണ് ഓരോ ജില്ലയിലേക്കും വ്യാപിപ്പിച്ചത്.
2019ലാണ് ഔട്ട്ലെറ്റുകള്‍ തുടങ്ങിയത്. കുടുംബശ്രീ അംഗങ്ങളായ 500 സ്ത്രീകള്‍ക്കാണ് കേരള ചിക്കന്‍ ജീവിതോപാധിയാകുന്നത്.
ഒരു ദിവസം പ്രായമായ 1000 മുതല്‍ 5000വരെ കോഴിക്കുഞ്ഞുങ്ങളെ കര്‍ഷകര്‍ക്ക് നല്‍കി, വളര്‍ച്ചയെത്തുമ്പോള്‍ നിശ്ചിത തുക നല്‍കി തിരികെയെടുക്കുന്നതാണ് പദ്ധതി.
തീറ്റ, മരുന്ന് തുടങ്ങിയവ സൗജന്യമാണ്. അതിനാല്‍ കോഴിവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ കര്‍ഷകരെ ബാധിക്കില്ല.
കോട്ടയം 91, എറണാകുളം 94, തൃശൂര്‍ 91, പാലക്കാട്, 90, മലപ്പുറം 89, കോഴിക്കോട്, 90, തിരുവനന്തപുരം 91 എന്നിങ്ങനെയാണ് ചിക്കന്‍ വില. പുറത്ത് വിപണിയില്‍ ചിക്കന്‍ വില 150 രൂപയ്ക്കു മുകളിലാണ്. ക്രിസ്മസ് പുതുവത്സരത്തോടനുബന്ധിച്ച് വില വര്‍ധിക്കുമ്പോള്‍ ആശ്രയം ഇത്തരം ന്യായ വില ചിക്കന്‍ സെന്ററുകളാണ്.
