തിരുവനന്തപുരം: സന്ദർശക വിസയില്‍ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നടത്തുന്ന തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി നോർക്ക.
സന്ദർശക വിസയില്‍ വിദേശ രാജ്യത്ത് എത്തുന്നവർക്ക് ജോലി ലഭിക്കാൻ അവസരമൊരുക്കുമെന്ന് റിക്രൂട്ട്‌മെന്റ് ഏജൻസികള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കില്‍ അത് തട്ടിപ്പാണെന്ന് തിരിച്ചറിയണമെന്നും നോർക്ക സി.ഇ.ഒ അജിത് കോളശേരി മുന്നറിയിപ്പ് നല്‍കി.
സന്ദർശക വിസയെന്നത് രാജ്യം സന്ദർശിക്കുന്നതിനുള്ള അനുമതി മാത്രമാണ്. അത് ജോലിക്കായുള്ള അനുമതിയല്ലെന്ന തിരിച്ചറിവു വേണം. സന്ദർശക വിസയില്‍ ജോലി ലഭിക്കുമെന്ന് റിക്രൂട്ട്‌മെന്റ് ഏജൻസികള്‍ വാഗ്ദാനം ചെയ്താല്‍ അതു തെറ്റാണ്. ഒരു രാജ്യവും സന്ദർശക വീസയില്‍ ജോലി അനുവദിക്കില്ല.
ഇങ്ങനെയുള്ള വാഗ്ദാനം വിശ്വസിച്ച് വിദേശരാജ്യത്തേക്കു പോയാല്‍ അതു നിയമപ്രശ്നങ്ങള്‍ക്ക് ഇടയാക്കുകയും പിടിക്കപ്പെട്ടാല്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിയും വരാം. ഇന്ത്യയിലേക്ക് തിരിച്ചു വരാൻ പറ്റാത്ത അവസ്ഥ ഉണ്ടാകാനും സാധ്യതയുണ്ട്.
പലപ്പോഴും ഏജൻസി വാഗ്ദാനം ചെയ്ത ജോലി ആവില്ല അവിടെ ചെല്ലുമ്പോള്‍ ലഭിക്കുന്നതും. കൃത്യമായ ശമ്പളമോ, ആഹാരമോ, താമസ സൗകര്യമോ, തൊഴില്‍ നിയമങ്ങളുടെ പരിരക്ഷയോ ലഭിക്കില്ല. ഇത്തരത്തില്‍ പോയ പലരും തിരിച്ചു വരുന്നില്ല. അവരുടെ സ്ഥിതി എന്താണെന്നു പോലും അറിയാൻ കഴിയാത്ത സാഹചര്യവും നിലവിലുണ്ട്. ഇങ്ങനെയുള്ളവരെ പിന്നീട് ബന്ധപ്പെടാൻ കഴിയാറില്ലെന്നതും ആശങ്കപ്പെടുത്തുന്നതാണെന്നും നോർക്ക റൂട്ട്സ് സി.ഇ.ഒ പറഞ്ഞു
