‘മുനമ്പം വിഷയത്തില്‍ സര്‍ക്കാരിന്റെ മൗനം ഭയം കൊണ്ട്’; ചങ്ങനാശ്ശേരി ആര്‍ച്ച്‌ ബിഷപ്പ് മാര്‍ തോമസ് തറയില്‍

മുനമ്പം: മുനമ്പം വിഷയത്തില്‍ സർക്കാരിനെ വിമർശിച്ച്‌ ചങ്ങനാശ്ശേരി ആർച്ച്‌ ബിഷപ്പ് മാർ തോമസ് തറയില്‍.

സർക്കാരിന്റെ മൗനം അത്ഭുതപ്പെടുത്തുന്നെന്നും ഭയപ്പെട്ടാണ് സർക്കാർ മൗനം തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുനമ്പം വിഷയം ഒരു മത വിഭാഗത്തിന്റെ പ്രശ്നം മാത്രമായി കാണരുത്. നിയമപ്രകാരം ഒരു സമൂഹം കാലങ്ങളായി താമസിക്കുന്ന സ്ഥലത്ത് നിന്നും മറ്റൊരു സമൂഹം ഇറങ്ങണം എന്ന് പറയുന്നത് അംഗീകരിക്കാനാകില്ല.

സഹായിക്കുന്നവരെ തിരിച്ചു സഹായിക്കുമെന്നും ക്രൈസ്തവ വിഭാഗത്തെ സഹായിക്കുന്ന ആളുകള്‍ക്ക് ഒപ്പം നില്‍ക്കുക എന്നുള്ളതാണ് ശരിയായ രീതി എന്നും ചങ്ങനാശ്ശേരി ആർച്ച്‌ ബിഷപ്പ് പറഞ്ഞു. രാഷ്ട്രീ നിലപാട് പറയാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രശ്നം രമ്യമായി പരിഹരിക്കണം എന്നാണ് മുസ്ലിം സംഘടനകള്‍ പറയുന്നത്. രമ്യമായ പരിഹാരം എന്നതുകൊണ്ട് അവർ ഉദ്ദേശിക്കുന്നത് പകരം സ്ഥലം നല്‍കുക എന്നതാണ്. അത് പ്രായോഗികമല്ലെന്നും ചങ്ങനാശ്ശേരി ആർച്ച്‌ ബിഷപ്പ് മാർ തോമസ് തറയിൽ പറഞ്ഞു.