ക്ലാസിൽ പോകാൻ സ്വകാര്യ ബസ്സിൽ യാത്ര ചെയ്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ചു; പ്രതിക്ക് മൂന്ന് കൊല്ലം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോട്ടയം അതിവേഗ പോക്സോ കോടതി

ഗന്ധിനഗർ: ക്ലാസില്‍ പോകാൻ സ്വകാര്യബസില്‍ യാത്രചെയ്ത പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ച പ്രതിക്ക് മൂന്നുകൊല്ലം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച്‌ കോട്ടയം അതിവേഗ (പോക്സോ) കോടതി.

എറണാകുളം തിരുവാങ്കുളം അംബികാ ഭവനില്‍ അജയകുമാറിനെ(31)യാണ് കോടതി ശിക്ഷിച്ചത്.

കഴിഞ്ഞ സെപ്റ്റംബറില്‍ ഗാന്ധിനഗർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. എറണാകുളം-കോട്ടയം റൂട്ടില്‍ സർവീസ് നടത്തുന്ന സ്വകാര്യ ബസില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയെ അമലഗിരി ഭാഗത്തുവച്ച്‌ പ്രതി കടന്നുപിടിക്കുകയായിരുന്നു.

തുടർന്ന് ഗാന്ധിനഗർ പോലീസില്‍ പെണ്‍കുട്ടി പരാതി നല്‍കി. കേസെടുത്ത പോലീസ് ഒന്നരമാസത്തിനുള്ളില്‍ അന്വേഷണം പൂർത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചു. പിഴത്തുക പ്രതിയില്‍നിന്ന് ഈടാക്കി പെണ്‍കുട്ടിക്ക് നല്‍കാനാണ് കോടതി ഉത്തരവ്.

കോട്ടയം അതിവേഗ(പോക്സോ) കോടതി ജഡ്‌ജി വി. സതീഷ് കുമാറാണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടർ പോള്‍ കെ. ഏബ്രഹാം ഹാജരായി.