മേപ്പാടിയില്‍ റവന്യൂവകുപ്പ് പുതുതായി നല്‍കിയ കിറ്റും പഴകിയത്; അരിച്ചാക്കുകളില്‍ പ്രാണികള്‍

വയനാട്: മേപ്പാടിയില്‍ ദുരിതബാധിതർക്ക് സർക്കാർ പുതുതായി നല്‍കിയ കിറ്റിലും കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളെന്ന് ആരോപണം.

പഞ്ചായത്ത് ഭരണസമിതിയുടേതാണ് പരാതി. 30നും ഒന്നിനും വിതരണം ചെയ്ത ചില അരിച്ചാക്കുകളില്‍ ചെള്ളുകളെയും മറ്റ് പ്രാണികളെയും കണ്ടെത്തി. ചില ചാക്കുകളില്‍ 2018 ആണ് എക്‌സപയറി ഡേറ്റ് കാണിക്കുന്നത്.
ചില ചാക്കുകളില്‍ ഡേറ്റില്ലെന്നും പരാതിയുണ്ട്.

പുഴുക്കളരിച്ചതില്‍ 12 ചാക്കും ഡേറ്റില്ലാതെ ആറുപത് ചാക്കുകളുമാണ് പുതുതായി മാറ്റിവെച്ചതെന്നും ഭരണസമിതി പറഞ്ഞു. അരിച്ചാക്ക് പഞ്ചായത്ത് പൂഴ്ത്തിവച്ചെന്ന് ആരോപിച്ച്‌ കഴിഞ്ഞ ദിവസം ഇവിടെ ഡിവൈഎഫ്‌ഐ പ്രതിഷേധം നടത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് റവന്യൂ വകുപ്പില്‍ നിന്നും പുതിയ അരി വിതരണം ചെയ്യാൻ തുടങ്ങിയത്.
ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ച ഇ.എം.എസ് ടൗണ്‍ഹാളില്‍ ടി. സിദ്ദീഖ് എംഎല്‍എ പരിശോധന നടത്തി. പരിശോധനയില്‍ അരിയില്‍ പ്രാണികളെ കണ്ടെത്തി.