തിരുവനന്തപുരം: വരുമാനം വര്‍ധിപ്പിക്കാന്‍ പുതിയ തന്ത്രങ്ങളുമായി കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ (ബെവ്‌കോ).
സംസ്ഥാനത്ത് ചില്ലറ മദ്യവില്‍പ്പന നടത്തുന്ന സ്ഥാപനമാണ് ബെവ്‌കോ. പരസ്യങ്ങളിലൂടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യതകളാണ് ബെവ്‌കോ ഇപ്പോള്‍ തേടുന്നത്.
ഇതിന്റെ ഭാഗമായി ബെവ്‌കോയില്‍ എത്തുന്ന ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ബില്ലിന്റെ പിന്‍വശത്ത് പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാനും ഔട്ട്‌ലെറ്റുകളില്‍ എല്‍ഇഡി ഡിസ്‌പ്ലേ ഭിത്തികള്‍ സ്ഥാപിക്കാനും അധികൃതര്‍ പദ്ധതിയിടുന്നു. രണ്ട് ലക്ഷത്തിലധികം ഉപഭോക്താക്കളാണ് പ്രതിദിനം ബെവ്‌കോയിലെത്തുന്നത്.
പരസ്യം ചെയ്യാന്‍ താല്‍പ്പര്യമുള്ള ഏജന്‍സികളില്‍ നിന്നും ഇതിനകം അഭ്യര്‍ത്ഥനകള്‍ ക്ഷണിച്ചിട്ടുണ്ട്. അഭ്യര്‍ത്ഥനകളുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ മാസത്തോടെ പൂര്‍ത്തിയാക്കി പരസ്യദാതാക്കളെ തെരഞ്ഞെടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
