യാത്രക്കാരെ വലച്ച് വിമാന കമ്പനികൾ; ടിക്കറ്റ് നിരക്കിൽ വൻ വർധന, ഇൻഡിഗോ പ്രതിസന്ധി അവസരമാക്കി വിമാന കമ്പനികൾ

തിരുവനന്തപുരം: ഇൻഡിഗോ സർവീസുകൾ റദ്ദാക്കിയതിന് പിന്നാലെ യാത്രക്കാരെ ചൂഷണം ചെയ്ത് വിമാന കമ്പനികള്‍.

മറ്റു കമ്പനികള്‍ ടിക്കറ്റ് നിരക്കുകളില്‍ വന്‍ വര്‍ധനവാണ് വരുത്തിയത്. ഡിസംബര്‍ 6 ശനിയാഴ്ച എയര്‍ ഇന്ത്യയുടെ ഡല്‍ഹി –തിരുവനന്തപുരം ടിക്കറ്റ് നിരക്ക് 30,000 രൂപ മുതല്‍ 68,000 രൂപ വരെ എത്തി. മുംബൈ-തിരുവനന്തപുരം 20,000 മുതല്‍ 50,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ഡല്‍ഹി-കൊച്ചി നിരക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന് 40,000 രൂപ കടന്നു.

ഡിജിസിഎയുടെ പുതിയ ചട്ടങ്ങൾ നടപ്പാക്കിയതിനെ തുടർന്നുണ്ടായ പൈലറ്റ് ക്ഷാമമാണ് രാജ്യവ്യാപകമായി ഇൻഡിഗോ സർവീസുകൾ മുടങ്ങാൻ കാരണമായത്. ഇന്നലെ മാത്രം 550 സർവീസുകൾ റദ്ദായി. ഇന്നും നിരവധി സർവീസുകൾ റദ്ദായിരിക്കുകയാണ്.

ഇതേ തുടർന്ന്, പൈലറ്റുമാരുടെ ഡ്യൂട്ടിചട്ടത്തിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) ഇളവു വരുത്തി.