കൊച്ചി: കടലില്‍ ചൂട് കൂടിയതോടെ മത്തി പോലുള്ള മത്സ്യങ്ങള്‍ കേരള തീരം വിടുന്നു.
ചൂട് കുറഞ്ഞ ഇടങ്ങളിലേക്കാണ് പോക്ക്. കാലാവസ്ഥയടക്കമുള്ള മാറ്റങ്ങളാണ് പ്രധാന കാരണം.
സൂ പ്ലാംഗ്ടൻ, ചെമ്മീൻ ലാർവകള്‍, മത്സ്യ മുട്ടകള്‍, ആല്‍ഗകള്‍, ജീർണിച്ച സസ്യാവശിഷ്ടങ്ങള്‍ തുടങ്ങിയവയാണ് മത്തിയുടെ ആഹാരം. ഇവയുടെ ലഭ്യത കുറഞ്ഞതോടെ മത്തിയുടെ വലിപ്പവും കുറഞ്ഞു. ഇത്തരം മത്തിക്ക് കേരളത്തില്‍ ഡിമാൻഡില്ല. ഇതേത്തുടർന്ന് തുച്ഛമായ നിരക്കില്‍ ഇവയെ തമിഴ്‌നാട്ടിലെ കോഴിത്തീറ്റ, മത്സ്യത്തീറ്റ ഫാക്ടറികളിലേക്ക് കൊണ്ടുപോവുകയാണ്.
വലിപ്പമില്ലാത്ത മത്തി പിടിക്കാൻ ഇൻബോർഡ് വള്ളങ്ങള്‍ കടലില്‍ പോകുന്നില്ല. ഒരു തവണ വള്ളമിറക്കാൻ 30,000 രൂപയിലേറെ ചെലവാകും. ഡിമാൻഡില്ലാത്തതിനാല്‍ നഷ്ടം സഹിക്കേണ്ടെന്ന നിലപാടിലാണ് വള്ളക്കാർ. കടകളില്‍ ഒന്നര കിലോയ്ക്ക് 100 രൂപ വരെയായി വിലയിടിഞ്ഞു.
