പാലക്കാട് : ജില്ലയിലെ വണ്ടിത്താവളത്ത് അച്ഛൻ മകളെ ക്രൂരമായി മർദിച്ചു. അഞ്ചാം ക്ലാസ് വിദ്യാർഥിനിയെയാണ് അച്ഛൻ ക്രൂരമായി മർദിച്ചത്. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. അച്ഛൻ മകളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ അയൽവാസികളാണ് മൊബൈലിൽ പകർത്തിയത്. വലിയ വടി ഉപയോഗിച്ച് ക്രൂരമായാണ് മർദ്ദിച്ചത്. കുട്ടി മർദ്ദനമേറ്റ് നിലവിളിക്കുന്നതും നിലത്തു വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങൾ തിരിച്ചറിഞ്ഞ് പൊലീസ് കുട്ടിയുടെ വീട്ടിലെത്തി പരിശോധന നടത്തി. എന്നാൽ അച്ഛനെതിരെ പരാതി നൽകാനും മൊഴി നൽകാനും അമ്മയും കുട്ടിയും തയ്യാറായില്ല.
കുട്ടിയുടെ പിതാവ് ലഹരിക്കടിമയാണെന്ന സമീപവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മീനാക്ഷിപുരം പൊലീസ് വീട്ടിൽ പരിശോധന നടത്തി. എന്നാൽ വീട്ടിൽ നിന്ന് ലഹരിവസ്തുക്കൾ ഒന്നും കണ്ടെത്തിയില്ല. പരാതി ലഭിക്കാത്തതിനാൽ പോലീസ് ഈ വിഷയം ചൈൽഡ് ലൈനിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ചൈൽഡ് ലൈൻ അധികൃതർ കുട്ടിക്ക് കൗൺസിലിംഗ് നൽകിയ ശേഷം മൊഴി രേഖപ്പെടുത്തിയേക്കും. അച്ഛനെതിരെ തുടർനടപടികളും ഉണ്ടായേക്കും.
