സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ഇനി മുതൽ എക്‌സൈസ് ഓഫീസര്‍മാര്‍ ഡ്രൈവര്‍മാരുമാകണം; ഡ്രൈവര്‍ക്കു ശമ്പളം കൊടുക്കാനില്ലാത്തതിനാല്‍ പുതിയ തസ്തിക വേണ്ടന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി ഗുരുതരമായതിനാല്‍ എക്‌സൈസ് വകുപ്പില്‍ പുതിയതായി ഡ്രൈവര്‍ തസ്തികകള്‍ സൃഷ്ടിക്കാതെ സര്‍ക്കാര്‍.

ഡ്രൈവര്‍ തസ്തിക സൃഷ്ടിക്കാന്‍ എക്‌സൈസ് കമ്മീഷണര്‍ നിരന്തരം നല്‍കിയ ശിപാര്‍ശകളെല്ലാം സര്‍ക്കാര്‍ മടക്കി.
ആവശ്യത്തിന് ഡ്രൈവര്‍മാര്‍ ഇല്ലെങ്കില്‍ എക്‌സിക്യൂട്ടീവ് റാങ്കിലുള്ള എക്‌സൈസ് ഓഫീസര്‍മാരെക്കൊണ്ട് വാഹനങ്ങള്‍ ഓടിപ്പിക്കണമെന്നു നികുതി വകുപ്പ് എക്‌സൈസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

എക്‌സിക്യൂട്ടീവ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിശീലന കാലയളവില്‍ നിര്‍ബന്ധിത ഡ്രൈവിംഗ് പരിശീലനം ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ അവരെക്കൊണ്ട് എക്‌സൈസ് വാഹനങ്ങള്‍ ഓടിപ്പിക്കാനാണ് നിര്‍ദേശം.

എക്‌സൈസ് വകുപ്പില്‍ നിലവില്‍ 277 ഡ്രൈവര്‍ തസ്തികയാണുള്ളത്. എക്‌സൈസ് വകുപ്പിന് 868 വാഹനങ്ങളാണുള്ളത്. പകുതി വാഹനങ്ങള്‍ക്കു പോലും ഡ്രൈവര്‍മാരില്ലാത്ത സാഹചര്യത്തില്‍, 27 ഡ്രൈവര്‍ തസ്തികയെങ്കിലും സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് കമ്മീഷണര്‍ ഏറ്റവും ഒടുവില്‍ നല്‍കിയ ശിപാര്‍ശ രണ്ടുമാസം മുന്‍പാണു നികുതി വകുപ്പ് മടക്കിയത്.