ചരിത്ര പ്രസിദ്ധമായ ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര കൊടിയേറ്റിനു 4 ദിനങ്ങൾ മാത്രം; ഏറ്റുമാനൂർ നഗരം ഉത്സവ തിരക്കിലേക്ക്.. ഫെബ്രുവരി 27ന് രാവിലെ കൊടിയേറ്റം

ഏറ്റുമാനൂർ: ചരിത്ര പ്രസിദ്ധമായ ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര കൊടിയേറ്റിനു 4 ദിനം കൂടി ബാക്കി നിൽക്കെ ഏറ്റുമാനൂർ നഗരം ഉത്സവ തിരക്കിലേക്ക്. ഉത്സവത്തിനു മുന്നോടിയായി കടകമ്പോളങ്ങൾ അലങ്കരിക്കാനുള്ള തിരക്കിലാണ് വ്യാപാരികൾ.

പല കടകളിലും അലങ്കാര ദീപങ്ങൾ തെളിഞ്ഞു കഴിഞ്ഞു. നഗരസഭയുടെ നേതൃത്വത്തിൽ റോഡും നഗരവും വൃത്തിയാക്കുന്ന തിരക്കാണ്. ക്ഷേത്രത്തിലെ ഉത്സവ ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണെങ്ങും. ക്ഷേത്രത്തിനു ചുറ്റിലും ക്ഷേത്രത്തിലേക്കുള്ളതുമായ റോഡുകളുടെ അറ്റകുറ്റ പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.

ക്ഷേത്രത്തിന്റെ പെയ്ന്റിങ് അവസാന ഘട്ടത്തിലെത്തി. കല്യാണ മണ്ഡപത്തിൽ‌ തറയോടുകൾ പാകുന്ന ജോലികൾ, പന്തലിന്റെ പണികൾ, മറ്റ് അലങ്കാര ജോലികൾ തുടങ്ങിയവയും അന്തിമ ഘട്ടത്തിലേക്ക് എത്തിയിട്ടുണ്ട്. ക്ഷേത്ര മൈതാനത്തെ സ്റ്റാളുകളുടെ ലേലം നടപടികൾ നേരത്തെ പൂർത്തിയായിരുന്നു.

വിവിധ സ്റ്റാളുകൾ മൈതാനത്ത് ഒരുങ്ങിയിട്ടുണ്ട്. 27ന് രാവിലെ 10.45നാണ് കൊടിയേറ്റ്. എട്ടിനു ആറാട്ടോടെ പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം കൊടിയിറങ്ങും. കൂറ്റൻ കാഴ്ച പന്തൽ, ഡിജിറ്റൽ ലൈറ്റിങ്, 62 ആനകൾ, തുടങ്ങിയ ഒട്ടേറെ പ്രത്യേകതകളാണ് ഇക്കുറി ഏറ്റുമാനൂർ ഉത്സവത്തിനുള്ളത്.