കോട്ടയം: കൃത്യമായി ആഹാരം കഴിച്ച് ദിവസേന വ്യായാമം ചെയ്താലും ചിലർക്ക് ഇടയ്ക്കിടെ ക്ഷീണവും തളർച്ചയും അനുഭവപ്പെടാറുണ്ട്.
ശരീരത്തിന് ഏറെ ആവശ്യമുള്ള പോഷകമായ മഗ്നീഷ്യത്തിന്റെ കുറവാണ് പലപ്പോഴും ഇത്തരം ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്. ഇതിന്റെ സാധാരണ ലക്ഷണമാണ് ക്ഷീണവും തളർച്ചയും.
പേശികളുടെയും എല്ലുകളുടെയും ആരോഗ്യം നിലനിർത്തുന്നതില്‍ മഗ്നീഷ്യം പ്രധാന പങ്ക് വഹിക്കുന്നു. വിശപ്പ് കുറയുക, ക്രമരഹിതമായ ഹൃദയമിടിപ്പ്, എല്ലുകളുടെ ബലക്കുറവ്, വിട്ടുമാറാത്ത തലവേദന, മൈഗ്രേയ്ൻ, ഓക്കാനം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളും മഗ്നീഷ്യത്തിന്റെ കുറവ് മൂലമുണ്ടാകാം.
ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് കുറഞ്ഞാല്‍ സ്ത്രീകളില്‍ ആർത്തവ വേദന കൂടുതലാകാം. മഗ്നീഷ്യത്തിന്‍റെ അഭാവം ആർത്തവസമയത്ത് പേശികളുടെ പിരിമുറുക്കം വർദ്ധിപ്പിക്കുന്നതിന് ഇടയാക്കും. സാധാരണയേക്കാള്‍ കഠിനമായ ആർത്തവ വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍, ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.
കൈകാലുകളിലെ മരവിപ്പും ശരീരത്തില്‍ മഗ്നീഷ്യം കുറയുന്നതിന്റെ ലക്ഷണമാണ്. മഗ്നീഷ്യത്തിന്‍റെ അളവ് കുറയുന്നത് രക്തസമ്മര്‍ദ്ദം കൂടാനും ഹൃദയാരോഗ്യത്തെ ബാധിക്കാനും സാദ്ധ്യതയുണ്ട്. മഗ്നീഷ്യം കുറയുന്നത് മാനസികാരോഗ്യത്തെയും ബാധിക്കുന്നു. ഇതുമൂലം വിഷാദവും ഉത്‌കണ്ഠയും ഉണ്ടാകാനിടയുണ്ട്.
