‘പെട്ടെന്ന് പോകണോ… പെട്ടിയിൽ പോകണോയെന്ന് ഞങ്ങൾ തീരുമാനിക്കും, ശസ്ത്രക്രിയ എനിക്ക് തോന്നുമ്പോൾ ചെയ്യും, അല്ലെങ്കിൽ മന്ത്രിയോടോ സൂപ്രണ്ടിനോടോ വകുപ്പ് മേധാവിയോടോ വന്നു ചെയ്യാൻ പറയൂ’; മകന്റെ ശസ്ത്രക്രിയ അൽപം വേഗത്തിലാക്കണമെന്ന് അപേക്ഷിച്ച അച്ഛനോട് കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്‌ടറുടെ ക്രൂര മറുപടി

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്പൈനൽ കോഡിനു പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന മകന്റെ ശസ്ത്രക്രിയ അൽപം വേഗത്തിലാക്കണമെന്ന് അപേക്ഷിച്ച അച്ഛനോട് ഡോക്‌ടറുടെ ക്രൂര മറുപടി. ‘പെട്ടെന്ന് പോകണോ… പെട്ടിയിൽ പോകണോയെന്ന് ഞങ്ങൾ തീരുമാനിക്കും’ എന്നാണ് ഡോക്ടർ പറഞ്ഞതെന്ന് പത്തനംതിട്ട തണ്ണിത്തോട് സ്വദേശി സതീഷ് കുമാർ പറഞ്ഞു.

ആരോഗ്യമന്ത്രിയുടെ ഓഫിസിൽനിന്നുള്ള നിർദേശത്തെത്തുടർന്ന് ശസ്ത്രക്രിയ വേഗത്തിലാക്കണമെന്നു മെഡിക്കൽ കോളേജ് സൂപ്രണ്ട് ന്യൂറോ സർജറി വിഭാഗത്തോട് നിർദേശിച്ചിരുന്നു. ന്യൂറോ സർജറി വിഭാഗത്തിലെ ഡോ. ഫിലിപ്, ബിഎസ്‌സി നഴ്‌സിങ് വിദ്യാർത്ഥിയുടെ അച്ഛനോട് തട്ടിക്കയറിയെന്നാണു പരാതി.

‘ശസ്ത്രക്രിയ എനിക്ക് തോന്നുമ്പോൾ ചെയ്യും. അല്ലെങ്കിൽ മന്ത്രിയോടോ സൂപ്രണ്ടിനോടോ വകുപ്പ് മേധാവിയോടോ വന്നു ചെയ്യാൻ പറയൂ. ഞാൻ ചെയ്യണമെങ്കിൽ എനിക്കു തോന്നണം. അല്ലെങ്കിൽ ശസ്ത്രക്രിയയ്ക്കു കിടക്കുന്നതിൽ വല്ലവന്മാരും ചാകട്ടെ’ എന്നായിരുന്നു ഡോക്‌ടറുടെ വാക്കുകളെന്നും സതീഷ് പറയുന്നു.

കർണാടകയിലെ ചിത്രദുർഗയിൽ പഠിക്കുന്ന സജിത്ത് സതീഷി (20)നു ഹോസ്റ്റൽ കെട്ടിടത്തിൽനിന്നു വീണു സ്പൈനൽ കോഡിനു പരിക്കേറ്റിരുന്നു. അടിയന്തര ശസ്ത്രക്രിയയും ഒന്നര മാസത്തെ വിശ്രമവുമാണ് അധികൃതർ നിർദേശിച്ചത്.