വിവാദങ്ങള്‍ക്കിടെ എമ്പുരാന്‍റെ റീ എഡിറ്റ് പതിപ്പ് തിയറ്ററുകളില്‍; ഇന്ന് മുതല്‍ പ്രദര്‍ശനം

കൊച്ചി: വിവാദങ്ങള്‍ക്കിടെ എമ്പുരാന്‍റെ റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളിലെത്തി.

വ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് നിർമ്മാതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ 24 സീനുകളാണ് എമ്പുരാനില്‍ വെട്ടിയത്. ബജ് രംഗി അഥവാ ബല്‍രാജ് എന്ന വില്ലന്‍റെ പേര് ബല്‍ദേവാക്കി മാറ്റി.

ഗുജറാത്ത് കലാപകാലത്തെ വർഷം കാണിക്കുന്നത് ഒഴിവാക്കി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ മുഴുവൻ ദൃശ്യങ്ങളും വെട്ടി.

ഇന്നലെ രാത്രിയോടു കൂടിയാണ് ഈ റീ എഡിറ്റഡ് ഭാഗം തിയറ്ററുകളില്‍ എത്തിയത്. ഇന്ന് രാവിലെ ഷോ മുതല്‍ റീ എഡിറ്റഡ് പതിപ്പായിരിക്കും പ്രദര്‍ശിപ്പിക്കുക. ഇനി മുതല്‍ എല്ലാ തിയറ്ററുകളിലും റീ എഡിറ്റഡ് പതിപ്പുകളാണ് പ്രദർശിപ്പിക്കുക.

ആരെയും പേടിച്ചിട്ടല്ല തിരുത്തല്‍ ആവശ്യപ്പെട്ടതെന്നാണ് നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂർ വിശദീകരിച്ചത്. എന്നാല്‍ സംഘപരിവാറാണ് പിന്നിലെന്നാണ് കോണ്‍ഗ്രസും സിപിഎമ്മും ഉന്നയിക്കുന്ന ആക്ഷേപം.