എടക്കര: കടുവയുടെയും മക്കളുടെയും ആക്രമണത്തില്‍ തുമ്പിക്കൈ മുറിഞ്ഞു, ശരീരമാകെ കടിയും മാന്തലുമേറ്റു. എങ്ങനെയെങ്കിലും രക്ഷപ്പെടാൻ വേണ്ടിയാവണം ആ പാവം പിടിയാന ജീവനുംകൊണ്ടോടിയത്.
പക്ഷേ, അടിപതറി. പുഞ്ചക്കൊല്ലി വനത്തിലെ കുന്നില്‍നിന്നും നൂറു മീറ്ററോളം താഴ്ചയിലേക്കു വീണ് ശരീരമാകെ ചതഞ്ഞ നിലയിലായിരുന്നു പിടിയാനയുടെ ജഡം കണ്ടത്. ആന താഴേക്കു വീണ ഭാഗത്ത് കടുവയുടെയും കുഞ്ഞുങ്ങളുടെയും കാല്‍പ്പാടുകള്‍ വ്യക്തമായി കാണാം.
നെല്ലിക്കുത്ത് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ പുന്നപ്പുഴയിലെ ചപ്പാത്തിലാണ് 20 വയസ്സുള്ള ആനയുടെ ജഡം കണ്ടെത്തിയത്. കുന്നില്‍നിന്ന് പുഴയോരത്തുള്ള പാറപ്പുറത്തേക്കാണ് ആന വീണത്. ആന്തരിക അവയവങ്ങള്‍ പൂർണമായും ചതഞ്ഞ നിലയിലാണ്.
ഡോക്ടർമാരായ ശ്യാം, നൗഷാദലി, നെല്ലിക്കുത്ത് റെയ്ഞ്ച് ഓഫീസർ ഷെരീഫ് പനോലൻ, ഫോറസ്റ്റർ രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പോസ്റ്റുമോർട്ടത്തിന് ശേഷം ജഡം വനത്തില്‍ കുഴിച്ചിട്ടു. കടുവയുടെയും കുട്ടികളുടെയും കാല്‍പ്പാടുകളുടെ ചിത്രങ്ങള്‍ അധികൃതർ പകർത്തിയിട്ടുണ്ട്.
