കോട്ടയം ഇനി റബ്ബറിന്റെ മാത്രം നഗരമല്ല; ഡോക്ടര്‍മാരെ ഒരുക്കുന്ന പണിപ്പുര കൂടിയാണ്; ഇന്ത്യയുടെ നീറ്റ് ഭൂപടത്തില്‍ മൂന്നാം സ്ഥാനത്ത് കോട്ടയം

കോട്ടയം: കോട്ടയം ഇതുവരെ അറിയപ്പെട്ടിരുന്നത് റബ്ബറിന്റെ നാട് എന്നാണെങ്കില്‍ ഇനി ഡോക്ടര്‍മാരെ ഒരുക്കിയെടുക്കുന്ന പണിപ്പുര കൂടിയായി ഈ നഗരം മാറിക്കഴിഞ്ഞു.

ഇപ്പോള്‍ ഡോക്ടര്‍മാരാകാനുള്ള നീറ്റ് പ്രവേശന പരീക്ഷയുടെ ഭൂപടത്തില്‍ കോട്ടയം സ്ഥാനം പിടിച്ചുകഴിഞ്ഞു. ഇനി മലയാളി കുട്ടികള്‍ മാത്രമല്ല, ഇന്ത്യയിലെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ ഇവിടേയ്‌ക്ക് ഒഴുകിയെത്തും.

ഈയിടെ നഗരങ്ങളിലെ പരീക്ഷകേന്ദ്രങ്ങള്‍ തിരിച്ചുള്ള റാങ്ക് ലിസ്റ്റ് സുപ്രീംകോടതി നിര്‍ദേശപ്രകാരം പ്രസിദ്ധീകരിച്ചപ്പോഴാണ് ഈ കണ്ടെത്തല്‍. ഇക്കുറി രാജസ്ഥാനിലെ രണ്ട് നഗരങ്ങള്‍ കഴിഞ്ഞാല്‍, ഏറ്റവും കൂടുതല്‍ ടോപ് റാങ്കുകള്‍ നേടിയ മൂന്നാമത്തെ നഗരം കേരളത്തിലെ കോട്ടയമാണ്.

നീറ്റില്‍ ഉയര്‍ന്ന റാങ്കു നേടിയവരില്‍ 55 എണ്ണം കൊയ്തെടുത്തത് രാജസ്ഥാനിലെ സികാര്‍ നഗരമാണ്. അത് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ റാങ്ക് കരസ്ഥമാക്കിയത് രാജസ്ഥാനിലെ തന്നെ കോട്ടയാണ്. ഇതോടെ സികാര്‍ എന്ന നഗരം നീറ്റ് പരീക്ഷയില്‍ കൂടുതല്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.

പരമ്പരാഗതമായി അറിയപ്പെടുന്ന കോട്ടയെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് സികാറിന്റെ വരവ്. കോട്ട നേടിയെടുത്തത് 35 റാങ്കുകളാണ്. ഈ രണ്ട് നഗരങ്ങളിലും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന നീറ്റ് കോച്ചിംഗ് സെന്‍ററുകളാണ് ഇവിടുത്തെ റാങ്കുകാരെ സൃഷ്ടിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.

മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത് കേരളത്തിലെ കോട്ടയമാണ്. 25 ടോപ് റാങ്കുകളാണ് ഇവിടെ നേടിയത്. കോട്ടയത്തെ ചിന്മയ വിദ്യാലയ സ്കൂളാണ് കൂടുതല്‍ റാങ്ക് നേടിയത്. ഇവിടുത്തെ 386 കുട്ടികള്‍ പരീക്ഷയെഴുതി. അതില്‍ 10.4 ശതമാനം കുട്ടികള്‍ 720ല്‍ 600 മാര്‍ക്കില്‍ അധികം നേടിയവരാണ്. ഏറ്റവും കൂടുതല്‍ കിട്ടിയ മാര്‍ക്ക് 701 ആണ്. രണ്ട് കുട്ടികള്‍ 700 മാര്‍ക്ക് വീതവും നേടി. ഇതിന് പിന്നിലും കോട്ടയത്തെ ചില നീറ്റ് കോച്ചിംഗ് സെന്‍റര്‍ തന്നെയാണ്.

കോട്ടയം നഗരത്തെ നീറ്റ് ഭൂപടത്തില്‍ എത്തിച്ചതിന് പിന്നില്‍ പ്രധാനപങ്കുവഹിക്കുന്നത് പാലാ ബ്രില്ല്യന്‍സ് ആണ്. 1984ലാണ് പാലയിലെ ബ്രില്യന്‍സിന്റെ വിജയഗാഥ തുടങ്ങുന്നത്. വര്‍ഷം തോറും ഏകദേശം 30000 വിദ്യാര്‍ത്ഥികള്‍ ഇവിടെ നീറ്റ് പരീക്ഷയെഴുതുന്നു.