പാലാ: ജോസ് കെ മാണിയോട് നേരിട്ട് ഏറ്റുമുട്ടി സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെടുകയും, അതിനു മുൻപേ തന്നെ മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനം നിഷേധിക്കപ്പെടുകയും ചെയ്ത ബിനു പുളിക്കകണ്ടം ഇത്തവണ കുടുംബത്തോടൊപ്പം പാലയില്‍ പോരിന് ഇറങ്ങുന്നു.
ബിനുവും സഹോദരനും ബിനുവിൻ്റെ മകളുമാണ് അടുത്തടുത്ത വാര്‍ഡുകളില്‍ അങ്കം കുറിക്കുന്നത്. 20 കൊല്ലമായി വിവിധ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് കൗണ്‍സിലറായ ബിനു പുളിക്കകണ്ടവും ചേട്ടന്‍ ബിജു പുളിക്കകണ്ടവും ഇത്തവണ അടുത്ത തലമുറയെ കൂടി തിരഞ്ഞെടുപ്പ് രാഷ്ട്രിയത്തിലേക്ക് ഇറക്കുന്നത് പ്രധാന പാർട്ടികളെയെല്ലാം എതിരിട്ടാണ്.
നിലവിലെ നഗരസഭാ ഭരണസമിതിയില്‍ സിപിഎം ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച ഏക കൗണ്‍സിലറായിരുന്നു ബിനു. ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിലെ ഹൈലൈറ്റുകളില്‍ ഒന്നാണ് പാലായിലെ ഈ മത്സരങ്ങള്‍.
സ്വതന്ത്ര കൂട്ടായ്മ എന്ന പേരിലാണ് പുളിക്കകണ്ടം ടീംസ് മത്സരിക്കുന്നത്. 2010ലാണ് ബിനു പുളിക്കകണ്ടം ആദ്യമായി സ്വതന്ത്ര വേഷം കെട്ടി മത്സരിക്കുന്നത്. നഗരസഭയിലെ 13, 14, 15 വാര്‍ഡുകളിലാണ് ഇത്തവണ ജീപ്പ് ചിഹ്നത്തില്‍ ഇവരുടെ മത്സരം. ബിനു ഈ മൂന്ന് വാര്‍ഡുകളിലും നിന്ന് നേരത്തെ മത്സരിച്ച് ജയിച്ചിട്ടുണ്ട്.
പാലായിലെ വ്യാപാരിയും കേരള കോണ്‍ഗ്രസ് (മാണി) ഗ്രൂപ്പ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമായിരുന്ന പിവി സുകുമാരന്‍ നായരുടെ മക്കള്‍ക്ക് രാഷ്ട്രീയം ഒരിക്കലും അന്യമായിരുന്നില്ല. മൂത്ത മകന്‍ ബിജു പിതാവിന്റെ വഴിയെ കേരള കോണ്‍ഗ്രസില്‍ ഉറച്ചു നിന്നു. രണ്ടാമൻ ബിനു കെഎസ്‌യുവിലൂടെ രാഷ്ട്രീയ ജീവിതം സജീവമാക്കി. കെഎസ്‌യു കോട്ടയം ജില്ലാ പ്രസിഡന്റ് ആയതിന് പിന്നാലെ കെ കരുണാകരന്‍ പാര്‍ട്ടി വിട്ടപ്പോള്‍ ഡിഐസിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസിലും, ബിജെപിയിലും സിപിഎമ്മിലും ചേര്‍ന്ന് മത്സരിച്ച് പാലായില്‍ കൗണ്‍സിലറായി. ബിനുവിന്റെ മകള്‍ ദിയയുടെ കന്നി മത്സരമാണിത്.
കഴിഞ്ഞ തവണ ബിനു പതിനഞ്ചാം വാര്‍ഡില്‍ നിന്ന് സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 91 ശതമാനം വോട്ടും നേടി റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ഇത്തവണ മകള്‍ ദിയയാണ് പതിനഞ്ചാം വാര്‍ഡില്‍ മത്സരിക്കുന്നത്. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ബിരുദം നേടിയ ദിയ ആദ്യമായാണ് രാഷ്ട്രീയ മത്സര ഗോദയിലിറങ്ങുന്നത്. ഇത്തവണ ബിനു പതിനാലാം വാര്‍ഡിലേക്ക് മാറി. ചേട്ടന്‍ ബിജു പതിമൂന്നാം വാര്‍ഡിലാണ് അങ്കം കുറിക്കുന്നത്.
