ഡല്‍ഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷ എം.പിമാർ നോട്ടീസ് നല്കി.
കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ്, ടി.എം.സി നേതാവ് സാഗരിക ഘോഷ് എന്നിവരുടെ നേതൃത്വത്തില്‍ 73 പ്രതിപക്ഷ എം.പിമാരാണ് നോട്ടീസില്‍ ഒപ്പിട്ടിരിക്കുന്നത്. നോട്ടീസ് രാജ്യസഭാ സെക്രട്ടറി ജനറലിന് കൈമാറി.
മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതില്‍ പക്ഷപാതപരമായ അസമത്വം തുടർച്ചയായി കാണിക്കുന്നു എന്നാണ് ഗ്യാനേഷ് കുമാറിനെതിരെയുള്ള പുതിയ ആരോപണം. ബംഗാളിലെയും തമിഴ്നാട്ടിലെയും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏപ്രില്‍ 18ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തതില്‍ നല്കിയ പരാതികളില്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കുന്നില്ലെന്ന് പ്രതിപക്ഷ പാർട്ടികള്‍ കുറ്റപ്പെടുത്തി. 2026 മാർച്ച് 15ന് ശേഷമുള്ള പ്രവർത്തനങ്ങളും വീഴ്ചകളും നോട്ടീസില്‍ ചൂണ്ടിക്കാട്ടി. ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ എം.പിമാർ സമർപ്പിച്ച സമാനമായ നോട്ടീസുകള്‍ അതത് പ്രിസൈഡിംഗ് ഓഫീസർമാർ തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് പ്രതിപക്ഷത്തിന്റെ പുതിയ നീക്കം.
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റില്‍ നോട്ടീസ് നല്‍കുന്നത് ഇതാദ്യമായാണ്. 50 അംഗങ്ങളുടെ ഒപ്പാണ് ഇതിനായി വേണ്ടത്. എന്നാല്‍ 73 രാജ്യസഭാ എം.പിമാർ ഇത്തവണ നോട്ടീസില്‍ ഒപ്പിട്ടുണ്ട്. കോണ്‍ഗ്രസ്, ടി.എം.സി, എസ്.പി, ഡി.എം.കെ, ഇടതുപാർട്ടികള്‍, ശിവസേന (യു.ബി.ടി,), എൻ.സി.പി (എസ്.പി), ആർ.ജെ.ഡി, ഐ.യു.എം.എല്‍ കൂടാതെ സമാന ചിന്താഗതിയുള്ള മറ്റ് പാർട്ടികളിലെയും അംഗങ്ങള്‍ നോട്ടീസില്‍ ഒപ്പിട്ടുണ്ട് .
