ഡല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരുമ്പാവൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ താന്‍ പൂര്‍ണ്ണ യോഗ്യനാണെന്നും പാര്‍ട്ടി നേതൃത്വം തനിക്കൊപ്പമാണെന്നും എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലെത്തിയ അദ്ദേഹം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ നേരില്‍ കണ്ട് തുടര്‍ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പെരുമ്പാവൂരില്‍ താന്‍ തന്നെ മത്സരിക്കണമെന്നാണ് കെ.പി.സി.സി.യുടെ നിലപാടെന്നും മണ്ഡലത്തിലെ ജനങ്ങളും അത് ആഗ്രഹിക്കുന്നുണ്ടെന്നും എല്‍ദോസ് പറഞ്ഞു.
‘ജനാധിപത്യ പാര്‍ട്ടിക്കുള്ളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ നേതൃത്വത്തിന്റെ നിലപാട് എനിക്ക് അനുകൂലമാണ്,’ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കേസുകളുമായി ബന്ധപ്പെട്ട സാങ്കേതികത്വങ്ങള്‍ സ്ഥാനാര്‍ത്ഥിത്വത്തിന് തടസ്സമാകില്ലെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്.
