ഗുരുതരമായ അച്ചടക്കലംഘനം; സി സി മുകുന്ദനെ പുറത്താക്കി സിപിഐ; നടപടി കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്‍റെ പേരിലെന്ന് സിപിഐ

തൃശൂര്‍: സി സി മുകുന്ദനെ സിപിഐയില്‍ നിന്ന് പുറത്താക്കി.

നാട്ടിക എംഎല്‍എയും സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റിയംഗവുമായ സി സി മുകുന്ദനെ കടുത്ത പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റിയാണ് വാർത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ അഞ്ചുവര്‍ഷമായി പാര്‍ട്ടിയെ പ്രതിനിധീകരിച്ച്‌ നാട്ടിക നിയോജകമണ്ഡലം എംഎല്‍എയായി പ്രവര്‍ത്തിക്കുന്ന സി സി മുകുന്ദന്‍ നിരന്തരമായി പാര്‍ട്ടി അച്ചടക്കം ലംഘിച്ചുകൊണ്ട് പാര്‍ട്ടിവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്നും സിപിഐ വ്യക്തമാക്കുന്നു.

ഇത്തരം അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി പല തവണകളില്‍ അച്ചടക്ക നടപടി സ്വീകരിച്ചുകൊണ്ട് തിരുത്തല്‍ വരുത്താന്‍ പാര്‍ട്ടി ശ്രമിച്ചതാണ്. അതിന്‍റെ ഭാഗമായി കഴിഞ്ഞ പാര്‍ട്ടി സമ്മേളനകാലത്ത് പാര്‍ട്ടി അച്ചടക്കനടപടിയുടെ ഭാഗമായി ജില്ലാ എക്‌സിക്യുട്ടീവില്‍ നിന്നും മാറ്റി ഡി സിയില്‍ നിന്നും നാട്ടിക മണ്ഡലം കമ്മിറ്റിയംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

ആസന്നമായ അസംബ്ലി തെരഞ്ഞെടുപ്പില്‍ നാട്ടിക മണ്ഡലം സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച്‌ പാര്‍ട്ടി സംസ്ഥാന എക്‌സിക്യുട്ടീവ് തീരുമാനം വന്നശേഷം പാര്‍ട്ടിയ്‌ക്കെതിരെ ഗുരുതരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണ് സി സി മുകുന്ദന്‍ പൊതുസമൂഹത്തിന് മുൻപാകെ ഉന്നയിച്ചിരിക്കുന്നത്