കേരള സ്റ്റോറി 2ന് എതിരെ ഹൈക്കോടതിയിൽ ഹർജി; പ്രദർശനം തടയണമെന്ന് ആവശ്യം, ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും

കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെ ഹൈക്കോടതിയിൽ ചിത്രത്തിന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ഹർജി. ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണം എന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹർജി നൽകിയിരിക്കുന്നത്. ഹർജിയിൽ സെൻസർ ബോർഡിന് ഹൈക്കോടതി നോട്ടീസ് നൽകി. നിർമാതാക്കളായ സൺഷൈൻ പിക്ചേഴ്സും മറുപടി നൽകണം. ഹർജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ ഇത് വർഗീയ ധ്രുവീകരണത്തിന് കാരണമാകുമെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. 2023 ൽ പുറത്തിറങ്ങിയ കേരള സ്റ്റോറിയുടെ ഒന്നാം ഭാഗം വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കേരളത്തെ മോശമായി ചിത്രീകരിക്കുകയും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ആവർത്തിക്കുകയുമാണ് ഈ രണ്ടാം ഭാഗവും ചെയ്യുന്നതെന്നാണ് കമന്റുകൾ.

കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമ്മിക്കപ്പെട്ട കേരളാ സ്റ്റോറി എന്ന ചിത്രത്തിന്റെ രണ്ടാംഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത ഗൗരവത്തോടെ കാണേണ്ടതാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ‘ബീഫ്’ എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ ഒരു ചിത്രത്തിന് പ്രദർശനാനുമതി പോലും നിഷേധിച്ച കാലത്ത് സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന ലക്ഷ്യത്തിൽ ഉൽപ്പാദിപ്പിക്കുന്ന വിഷസൃഷ്ടികൾക്ക് പ്രദർശനാനുമതി ലഭിക്കുന്നത് ആശ്ചര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.