ഇ.പി. ജയരാജന്‍റെ ആത്മകഥ ചോര്‍ച്ച കേസ്; ഡി സി ബുക്സ് പബ്ലിക്കേഷൻ വിഭാഗം മുൻ മേധാവി അറസ്റ്റില്‍; അറസ്റ്റ് രേഖപ്പെടുത്തിയത് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി

കോട്ടയം: സി.പി.എം നേതാവ് ഇ.പി. ജയരാജന്‍റെ ആത്മകഥ ചോർച്ചയുമായി ബന്ധപ്പെട്ട കേസില്‍ ഡി.സി ബുക്സ് സീനിയർ ഡെപ്യൂട്ടി എഡിറ്ററായിരുന്ന എ.വി. ശ്രീകുമാർ അറസ്റ്റില്‍.

ഇന്ന് രാവിലെ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈകോടതിയുടെ മുൻകൂർ ജാമ്യം ഉള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ശ്രീകുമാറിനെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടു.

ആത്മകഥ ചോർച്ചയുമായി ബന്ധപ്പെട്ട് ശ്രീകുമാറില്‍ നിന്ന് പ്രാഥമികമായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞതായാണ് ലഭിക്കുന്ന വിവരം. ആവശ്യമെങ്കില്‍ ശ്രീകുമാർ അടക്കമുള്ളവരെ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

ഇ.പി. ജയരാജന്‍റെ ആത്മകഥയിലെ ചില ഭാഗങ്ങള്‍ ചോർന്നത് ഡി.സി ബുക്സില്‍ നിന്നുതന്നെയാണെന്ന് ‘ ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ട്. പബ്ലിക്കേഷൻ വിഭാഗം മേധാവി ശ്രീകുമാറിന്‍റെ ഇ-മെയില്‍ വഴിയാണ് വിവരങ്ങള്‍ ചോർന്നതെന്നും എസ്.പി എ. ഷാഹുല്‍ ഹമീദ് ഡി.ജി.പിക്ക് നല്‍കിയ റിപ്പോർട്ടില്‍ പറയുന്നു.