കൊച്ചി : ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനം കടത്തിയ കേസില്‍ അന്വേഷണ സംഘം ദുല്‍ഖറിനെ വീണ്ടും ചോദ്യം ചെയ്തേക്കും. ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍ ദുല്‍ഖറിന്റെ പക്കലുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. നാല് വാഹനങ്ങള്‍ കൂടി അന്വേഷ പരിധിയിലുണ്ട്. ഈ വാഹനങ്ങളുടെ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ കസ്റ്റംസ് നിര്‍ദേശിച്ചിട്ടുണ്ട്. ഇവ പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം.
കേസില്‍ ഇന്നലെ കസ്റ്റംസ് സംഘം ദുല്‍ഖറിനെ ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ നടന്ന ചോദ്യം ചെയ്യല്‍ ഏഴ് മണിക്കൂറോളമാണ് നീണ്ടത്. നികുതി വെട്ടിച്ച് കടത്തിയ വാഹനങ്ങളാണ് താന്‍ വാങ്ങിയതെന്ന് അറിയില്ലായിരുന്നുവെന്നാണ് ദുല്‍ഖര്‍ കസ്റ്റംസിന് നല്കിയ മൊഴി. വാഹന കള്ളക്കടത്ത് റാക്കറ്റുമായി ബന്ധമില്ല. കൈവശമുള്ള വാഹനങ്ങള്‍ക്ക് കൃത്യമായ രേഖകള്‍ ഉണ്ടെന്നും ദുല്‍ഖര്‍ നല്കിയ മൊഴിയിലുണ്ട്.
ഭൂട്ടാന് വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിനിടെ ദുല്‍ഖറിന്റെ നിസ്സാന്‍ പട്രോള്‍, ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍ വാഹനങ്ങള്‍ നേരത്തെ പിടിച്ചെടുത്തിരുന്നു. കളമശ്ശേരിയിലെ ഷോറൂമില്‍ നിന്നാണ് നിസ്സാന്‍ പട്രോള്‍ പിടിച്ചെടുത്തത്. ലക്കി ഭാസ്കര്‍ എന്ന ചിത്രത്തില്‍ ഉപയോഗിച്ച വാഹനമായിരുന്നു ഇത്.
ഭൂട്ടാന് വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ ഓപ്പറേഷന് നുംഖോറില്‍ മുഖ്യസൂത്രധാരനെന്നു കരുതുന്ന ബംഗാളിലെ ജയ്ഗാവോണ്‍ സ്വദേശിയായ ബിശ്വദീപ് ദാസ് ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റംസിന്റെ കൊച്ചി യൂണിറ്റാണ് ഓപ്പറേഷന് നുംഖോറിന് തുടക്കം കുറിച്ചത്.
