അവയവക്കച്ചവടവും വ്യാജരേഖാ നിര്‍മ്മാണവും; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച്‌ ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി

 

 

 

 

തിരുവനന്തപുരം: കേരളത്തില്‍ വ്യാപകമായ അവയവക്കച്ചവടവും വ്യാജരേഖാ നിർമ്മാണ റാക്കറ്റുകളെ പിടികൂടാനും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച്‌ ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി.

 

എറണാകുളം റൂറല്‍ എസ്.പി. കെ.എസ്. സുദർശന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘത്തിനാണ് അന്വേഷണ ചുമതല. സംസ്ഥാനത്തുടനീളം പോലീസ് നടത്തിയ മിന്നല്‍ റെയ്ഡുകളില്‍ വൻ വിവരങ്ങളാണ് പുറത്തുവന്നിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതിനോടകം മൂന്ന് കേസുകള്‍ രജിസ്റ്റർ ചെയ്യുകയും, റാക്കറ്റിലെ പ്രധാനികളായ മുഹമ്മദ് നജീബ്, ഭാര്യ റഷീദ, സഹായികളായ സിനോജ്, ആസിഫ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

 

അവയവമാറ്റ പ്രക്രിയകള്‍ എളുപ്പമാക്കുന്നതിനായി വ്യാജ രേഖകള്‍ ഈ സംഘം നിർമ്മിച്ചിരുന്നതായി റെയ്ഡില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതികളില്‍ നിന്ന് എം.എല്‍.എമാർ അടക്കമുള്ള പ്രമുഖരുടെ വ്യാജ ലെറ്റർഹെഡുകള്‍ പോലീസ് പിടിച്ചെടുത്തു. വ്യാജരേഖകള്‍ ചമയ്ക്കാൻ സഹായിച്ച സ്ഥാപനങ്ങളിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. എറണാകുളത്തെ ചില പ്രമുഖ സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ച്‌ വൻതോതില്‍ അനധികൃത അവയവമാറ്റ ശസ്ത്രക്രിയകള്‍ നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. വിഷയത്തിന്റെ അതീവ ഗൗരവം കണക്കിലെടുത്താണ് എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ വിപുലമായ അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടത്.