20 കോടിയോളം രൂപ വില വരുന്ന ലഹരി വസ്തുക്കൾ കടത്തി; കോട്ടയം നീണ്ടൂർ സ്വദേശിക്ക് 26 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

തിരുവനന്തപുരം: 20 കോടിയോളം രൂപ വില വരുന്ന ലഹരി വസ്തുക്കൾ ആന്ധ്രയിൽ നിന്ന് കടത്തിയ കേസിൽ പ്രതിക്ക് 26 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും.

കോട്ടയം നീണ്ടൂർ ചക്കുപുരയ്ക്കൽ വീട്ടിൽ ജോർജ് കുട്ടിയെയാണു നർകോട്ടിക്സ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട്(എൻഡിപിഎസ്) സ്പെഷൽ കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ 2 വർഷം കഠിന തടവു കൂടി അനുഭവിക്കണം.

2019 ജൂൺ 22ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. കോവളം കഴക്കൂട്ടം ബൈപാസ് റോഡിൽ കാറിന്റെ രഹസ്യ അറയ്ക്കുള്ളിൽ 20.064 കിലോ ഹഷീഷ് ഓയിലും 2.5 കിലോ കഞ്ചാവും 220 ഗ്രാം ചരസ്സും ഒളിപ്പിച്ചു കടത്തിയ കേസിലാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.

കേരളത്തിലെ വിവിധ സ്ഥലങ്ങളിലുള്ള ഇടനിലക്കാരായ കച്ചവടക്കാർക്ക് എത്തിക്കുന്നതിന് വേണ്ടി കൊണ്ടുവന്ന ലഹരി വസ്തുക്കളായിരുന്നു കാറിൽ. കസ്റ്റഡിയിലിരിക്കെ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു കടന്നുകളഞ്ഞ ഇയാളെ പിന്നീട് മലപ്പുറത്തു നിന്ന് ആണ് എക്സൈസ് സംഘം വീണ്ടും പിടികൂടിയത്.