കോട്ടയം: മത വിദ്വേഷ പരാമർശ കേസില്‍ റിമാന്‍റിലായതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പി സി ജോർജ് ഡോക്ടർമാരുടെ നിരീക്ഷണത്തില്‍ തുടരുന്നു.
ഇസിജി വേരിയേഷനെ തുടർന്ന് പി സി ജോർജിനെ ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജിലെ കാർഡിയോളജി ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു.
48 മണിക്കൂർ നിരീക്ഷണമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. നിലവില്‍ ജോർജിന്‍റെ ആരോഗ്യം തൃപ്തികരമാണ്. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ജയിലിലേക്ക് മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തും.
അതേസമയം അടുത്ത ദിവസം പി സി ജോർജ് വീണ്ടും ജാമ്യപേക്ഷ നല്‍കും.
ഹൈക്കോടതി മുൻകൂർ ജാമ്യപേക്ഷ തള്ളിയതോടെ പി സി ജോർജ് ഇന്നലെ പൊലീസില്‍ കീഴടങ്ങുമെന്ന അഭ്യൂഹമുണ്ടായിരുന്നു. ഇത് പ്രകാരം പൊലീസ് സ്റ്റേഷൻ പരിസരത്തും പി സി ജോർജിന്റെ വീട്ടു പരിസരത്തും പൊലീസും ബിജെപി പ്രവർത്തകരും നിറഞ്ഞിരുന്നു.
അതിനിടയില്‍ രാവിലെ 10.50ന് പി.സി ജോർജിന്റെ മരുമകള്‍ അടക്കം അഭിഭാഷകർ ഈരാറ്റുപേട്ട മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തി. കോടതി കയറുന്നതിന് തൊട്ടു മുൻപ് പ്രവർത്തകർക്കിടയിലൂടെ പി സി ജോർജും ഇവിടേക്ക് വന്നു.
