ഷെയ്ൻ നിഗം നായകനാകുന്ന ‘ദൃഢം’ മെയ് 8ന് തിയേറ്ററുകളില്‍

ഷെയ്ൻ നിഗം പോലീസ് യൂണിഫോമില്‍ വീണ്ടും എത്തുന്ന ‘ദൃഢം’ സിനിമയുടെ റിലീസ് ഡേറ്റ് പുറത്ത്.

റിലീസ് അനൗണ്‍സ്മെന്‍റുമായി ഒരു വ്യത്യസ്തമായ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകര്‍. മെയ് 8-നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്.

 

കുഴിനിലം എന്നൊരു നാട്ടിൻപുറത്തെ പോലീസ് സ്റ്റേഷനില്‍ എസ്.ഐ വിജയ് രാധാകൃഷ്ണൻ എന്ന പുതിയ എസ്.ഐ ചാർജ്ജെടുക്കുന്നതും താൻ ഏറെ ആഗ്രഹിച്ച ജോലിയില്‍ വലിയ ആത്മവിശ്വാസത്തോടെ പ്രവേശിക്കുന്ന അയാള്‍ സ്റ്റേഷനില്‍ തീരെ പ്രതീക്ഷിക്കാത്ത ഒട്ടേറെ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നതും തുടര്‍ സംഭവങ്ങളുമാണ് നവാഗതനായ മാർട്ടിൻ ജോസഫ് ഒരുക്കുന്ന സിനിമയുടെ ഇതിവൃത്തം. സിനിമയുടേതായി പുറത്തിറങ്ങിയിരുന്ന ട്രെയിലർ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.

 

‘കൊറോണ പേപ്പേഴ്സി’നും ‘വേല’യ്ക്കും ശേഷം വീണ്ടും വേറിട്ട ഒരു പോലീസ് കഥാപാത്രമായി ഷെയ്ൻ എത്തുന്നതാണ് ചിത്രത്തില്‍ എസ്.ഐ വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രമായാണ് ഷെയ്ൻ എത്തുന്നത്. പവർഫുള്‍ ആയ ഒരു ഹീറോ കോപ്പിനെയല്ല ഈ ചിത്രത്തില്‍ ഷെയ്ൻ അവതരിപ്പിക്കുന്നത്. മറിച്ച്‌, സാഹചര്യങ്ങളെ ഒറ്റയ്ക്ക് നേരിടാനും കാര്യങ്ങള്‍ മനസ്സിലാക്കിയെടുക്കാനും ശ്രമിക്കുന്ന ഒരു സാധാരണ പോലീസുകാരനെയാണ്. ജോലിയിലെ പുതുമുഖമായ നായകൻ ചില തെറ്റുകള്‍ വരുത്തുന്നതും അതിലൂടെ കാര്യങ്ങള്‍ പഠിച്ചെടുക്കുകയും ചെയ്യുന്നതും ഉത്തരവാദിത്തങ്ങളും മാനസിക സമ്മർദ്ദങ്ങളും ഒരാളെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതും ചർച്ച ചെയ്യുന്നതാണ് ചിത്രം എന്നാണ് ലഭിക്കുന്ന സൂചനകള്‍.

 

തികച്ചും റിയലിസ്റ്റിക്കായ രീതിയില്‍ ഒരു വ്യക്തിയുടെ യാത്രയെ ആണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ലളിതവും സത്യസന്ധവുമായ ഒരു ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകർക്ക് തങ്ങളുമായി ബന്ധപ്പെടുത്താൻ കഴിയുന്ന ഒട്ടേറെ നിമിഷങ്ങള്‍ ഈ സിനിമയിലുണ്ടാകും എന്ന് സിനിമയുടെ ട്രെയിലർ സൂചന നല്‍കിയിട്ടുണ്ട്. ചില സമയങ്ങളില്‍ കൃത്യമായ ഉത്തരങ്ങളില്ലാതെ, ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറിപോകുന്ന, എന്നാല്‍ എല്ലാ പ്രതിസന്ധിയിലും പൊരുതി മുന്നേറുന്ന ഒരു വ്യക്തിയുടെ ജീവിതയാത്രയായാണ് ‘ദൃഢം’ പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുന്നത്.

 

ചിത്രത്തിൻ്റേതായി എത്തിയ ജീത്തു ജോസഫിൻ്റെ ‘ദൃശ്യം’ സ്റ്റൈല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. സിനിമയുടെ പോസ്റ്ററും ട്രെയിലറും ഏവരുടേയും ശ്രദ്ധ കവർന്നിരുന്നു. ചിത്രത്തില്‍ ഷോബി തിലകൻ, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗ്ഗീസ്, ജോജി കെ ജോണ്‍, ബിട്ടോ ഡേവിസ്, അഭിഷേക് രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെ ഒരുമിക്കുന്നുണ്ട്.

 

ഇ ഫോർ എക്സ്പെരിമെന്‍റ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്നാണ് ചിത്രം പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. മുകേഷ് ആർ മെഹ്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ജോമോൻ ജോണ്‍, ലിന്‍റോ ദേവസ്യ എന്നിവർ ചേർന്നാണ്. നവാഗതനായ മാർട്ടിൻ ജോസഫാണ് സംവിധാനം നി‍ർവ്വഹിക്കുന്നത്.

 

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കറ്റീന ജീത്തു, ഛായാഗ്രഹണം: പി എം ഉണ്ണികൃഷ്ണൻ, എഡിറ്റർ: വിനായക്, സംഗീത സംവിധാനം: ശ്രീരാഗ് സജി, സൗണ്ട് ഡിസൈനർ: രാഹുല്‍ ജോസഫ്, സെത് എം ജേക്കബ്, സൗണ്ട് മിക്സ്: ജിതിൻ ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ: സുനില്‍ ദാസ്, അസിസ്റ്റന്‍റ് ഡയറക്ടർ: അധിര രഘുനാഥൻ, അസ്സോസിയേറ്റ് ഡയറക്ടർ: ക്യാത്തി ജീത്തു, അനൂപ് കെ.എസ്, ചീഫ് അസ്സോസിയേറ്റ് സിനിമാറ്റോഗ്രാഫർ: അരവിന്ദ് ബാബു, മേക്കപ്പ്: രതീഷ് വിജയൻ, ആക്ഷൻ ഡയറക്ടർ: മഹേഷ് മാത്യു, പ്രൊഡക്ഷൻ കണ്‍ട്രോളർ: ദീപക് പരമേശ്വരൻ, വിഎഫ്‌എക്സ് ഡയറക്ടർ: ടോണി മാഗ്മിത്ത്, ഡിഐ കളറിസ്റ്റ്: ലിജു പ്രഭാകർ, കോസ്റ്റ്യൂം ഡിസൈനർ: ലേഖ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അമരേഷ് കുമാർ, സ്റ്റില്‍സ്: നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻ: ടെൻ പോയിന്‍റ്, മാർക്കറ്റിംഗ്: ടിംഗ്, പിആർഒ: ആതിര ദില്‍ജിത്ത്.