ഭക്ഷണം കഴിക്കാൻപോലും കാശില്ലാത്ത അവസ്ഥയിലാക്കി, ഉപദ്രവിക്കുകയും മുറിയുടെ മുന്നിൽ വന്നുനിന്ന് മൂത്രമൊഴിക്കുകയും ചെയ്യുന്നു, ഭർതൃമാതാവ് അശ്ലീലം പറയുകയും വീട്ടിലെ കറന്റ് ഓഫാക്കുകയും ചെയ്യുന്നു; കോട്ടയത്ത് ഭർത്താവും അമ്മായമ്മയും തന്നെയും മകളെയും ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന് പരാതിയുമായി 47കാരി

കോട്ടയം: ഭർത്താവും ഭർതൃമാതാവും ചേർന്ന് തന്നെയും മകളെയും ക്രൂരമായി പീഡിപ്പിക്കുന്നെന്ന് 47 വയസ്സുകാരിയുടെ വെളിപ്പെടുത്തൽ. ഭർത്താവ് ജോമോൻ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നെന്നും ഭർതൃമാതാവ് അശ്ലീലം പറയുന്നെന്നുമാണ് പരാതി.

ഭാര്യയുടെ പരാതിയിൽ ജോമോനെ നേരത്തെയും പൊലീസ് അറസ്‌റ്റ് ചെയ്തിരുന്നു. പത്തൊമ്പതുകാരിയായ മകളെയും ജോമോൻ മർദ്ദിക്കുന്നുണ്ടെന്നാണ് ഭാര്യയുടെ വെളിപ്പെടുത്തൽ.

ഭക്ഷണം കഴിക്കാൻ പോലുമുള്ള സാമ്പത്തികം ഇല്ലാത്ത അവസ്ഥയിലേക്ക് തന്നെ എത്തിച്ചു. ഭർത്താവ് ഉപദ്രവിക്കുകയും മുറിയുടെ മുന്നിൽ വന്നുനിന്ന് മൂത്രമൊഴിക്കുകയും ചെയ്യുന്നു. ഭർതൃമാതാവ് അശ്ലീലം പറയുകയും വീട്ടിലെ കറന്റ് ഓഫാക്കുകയും ചെയ്യുന്നുണ്ടെന്നുമാണ് ആരോപണം. പത്തു വർഷത്തോളമായി വിദേശത്ത് നഴ്‌സായി ജോലിചെയ്തു വരികയായിരുന്നു.

സമ്പാദ്യത്തിൻ്റെ ഒരുഭാഗം ഭർത്താവിനാണ് അയച്ചുകൊടുത്തിരുന്നത്. വായ്‌പ അടക്കാൻ ഈ പണം ഉപയോഗിച്ചിരുന്നു. എന്നാൽ, ഭർത്താവ് മദ്യപിക്കാൻ തുടങ്ങിയതോടെ ഇത് മുടങ്ങി. വിദേശത്തെ ജോലി രാജിവച്ച് നാട്ടിലേക്ക് തിരിച്ചു വരികയായിരുന്നുവെന്നും വീട്ടമ്മ പറയുന്നു.

ഭാര്യയുടെ പരാതിയിൽ നേരത്തെ റിമാൻഡിലായിരുന്ന ജോമോന് പിന്നീട് കോടതി ജാമ്യം നൽകുകയായിരുന്നു. പുറത്തിറങ്ങിയതിനു പിന്നാലെയാണ് ഇയാൾ വീണ്ടും ഭാര്യയെ മർദ്ദിച്ചത്.