ലഹരിയല്ല ജീവിതം, ജീവിതമാകണം ലഹരി; നിരോധിത ലഹരിക്കെതിരെ ‘നോ’ പറയാൻ നാടിനെ ഒന്നിപ്പിച്ച് കുരോപ്പട ചെന്നാമറ്റം ഗ്രാമീണ വായനശാല; ലഹരിക്കെതിരെ സന്ദേശമുയർത്തി കുട്ടനടത്തം സംഘടിപ്പിച്ചു

പാമ്പാടി: നിരോധിത ലഹരിക്കെതിരെ ‘നോ’ പറയാൻ നാടിനെ ഒന്നിപ്പിച്ച് കുരോപ്പട ചെന്നാമറ്റം ഗ്രാമീണ വായനശാല. ലഹരിയല്ല ജീവിതം, ജീവിതമാകണം ലഹരിയെന്ന സന്ദേശമുയർത്തി കുട്ടനടത്തം സംഘടിപ്പിച്ചാണ് ലഹരിക്കെതിരെ നാട് പ്രതിരോധം തീർത്തത്.

പാമ്പാടി ബസ് സ്‌റ്റാൻഡിൽ നിന്നും ആരംഭിച്ച കുട്ടനടത്തം ചാണ്ടി ഉമ്മൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.
സാമൂഹിക വിരുദ്ധർ കേരളത്തിൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കടൽ തീർത്തിരിക്കുകയാണ്. ബാല്യവും കൗമാരവും അതിൽ മുങ്ങുകയാണെന്ന് എംഎൽഎ പറഞ്ഞു.

മൂന്നു കിലോമീറ്റർ നീളുന്ന കുട്ടനടത്തത്തിൽ എംഎൽഎക്ക് ഒപ്പം കുട്ടികൾ, യുവാക്കൾ, മുതിർന്നവർ അടക്കമുള്ള ഇരുന്നൂറോളം പേർ അണിനിരന്നു. ചെന്നാമറ്റത്ത് നടന്ന സമാപന യോഗത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം, പ്രതിജ്‌ഞ എന്നിവയും നടന്നു.

കൂരോപ്പട ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് അമ്പിളി മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം കെ.എം. ജോർജ്, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ആശാ ബിനു, സന്ധ്യാ സുരേഷ്, രാജി നിതീഷ്, മുൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ കുഞ്ഞ് പുതുശ്ശേരി, അസിസ്‌റ്റന്റ് സബ് ഇൻസ്പെക്ടർ പി.പി.മധു, അസിസ്‌റ്റൻ്റ് എക്സൈസ് സബ് ഇൻസ്പെക്ടർ ബിനോയ്, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ജെ.ലേഖ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.എസ് ഉണ്ണിക്കൃഷ്ണൻ നായർ, ബിജെപി മണ്ഡലം പ്രസിഡൻ്റ് വർഗീസ് താഴത്ത്, സിപിഐ മണ്ഡലം കമ്മിറ്റി അംഗം സാം കെ.വർഗീസ്, ചെന്നാമറ്റം വായനശാല പ്രസിഡൻ്റ് നൈനാൻ കുര്യൻ, സെക്രട്ടറി ദീപു കുര്യൻ എന്നിവർ പ്രസംഗിച്ചു.